ഗാർഡില്ലാതെ പായും വണ്ടി ; 1000 ട്രെയിനുകളിൽ ഇഒടിടി ഉപകരണം സ്ഥാപിക്കും ; സുരക്ഷയെ ബാധിക്കുന്ന നടപടിയെന്ന്‌ ജീവനക്കാർ


ഗാർഡില്ലാത്ത ട്രെയിനുകളുമായി റെയിൽവേയുടെ പരീക്ഷണം. ഗാർഡുമാർക്ക്‌ പകരം ഇഒടിടി (എൻഡ്‌ ഓഫ്‌ ട്രെയിൻ ടെലിമെട്രി) ഉപകരണം  ഘടിപ്പിക്കും. 1000 ട്രെയിനുകളിൽ ഇത്‌ പരീക്ഷിക്കാൻ റെയിൽവേ ബോർഡ്‌ തീരുമാനിച്ചു.  1000 ടെലിമെട്രി ഉപകരണങ്ങൾ വാങ്ങാൻ 100 കോടിയുടെ ആഗോള ടെൻഡർ ക്ഷണിച്ചു. ഒന്നിന്‌ 10 ലക്ഷത്തോളം രൂപ വില വരും.

ലോക്കോ പൈലറ്റിന്റെ കാബിനും  അവസാന ബോഗിയിലെ ബ്രേക്ക്‌ സംവിധാനവുമായി ബന്ധിപ്പിക്കുന്നതാണ്‌ ഉപകരണം. ബോഗികൾ വേർപെട്ടാൽ  ഡ്രൈവർക്ക്‌  ഉടൻ അറിയാനാകും.

രണ്ടു യൂണിറ്റ്‌ അടങ്ങിയതാണ്‌ ഇഒടിടി.  കാബ്‌ ഡിസ്‌പ്ലേ യൂണിറ്റ്‌ (സിഡിയു), സെൻസ്‌ ആൻഡ്‌ ബ്രേക്ക്‌ യൂണിറ്റ്‌ (എസ്‌ബിയു) എന്നിവ. സിഡിയു എൻജിനിലും  എസ്‌ബിയു അവസാന കോച്ചിലെ ബ്രേക്ക്‌ യൂണിറ്റിലും ഘടിപ്പിക്കും. രണ്ടു യൂണിറ്റിനെയും റേഡിയോ ട്രാൻസ്‌മിറ്ററുമായി  ബന്ധിപ്പിക്കും.

 

ഈ സാമ്പത്തികവർഷംതന്നെ ഇവ ഘടിപ്പിച്ച്‌ ട്രെയിൻ ഓടിക്കും.   സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതാണ്‌  നടപടിയെന്ന്‌ ജീവനക്കാർ കുറ്റപ്പെടുത്തി. യാത്രക്കാരന്‌ അത്യാഹിതം സംഭവിച്ചാൽ റിപ്പോർട്ട്‌ ചെയ്യേണ്ടത്‌ ഗാർഡുമാരാണ്‌. ട്രെയിനിന്റെ ബ്രേക്ക്‌ സംവിധാനം, മറ്റ്‌ ബോഗികളിലെ തകരാറുകൾ തുടങ്ങിയവ പരിശോധിക്കാനുള്ള ചുമതലയുമുണ്ട്‌.  യന്ത്രസംവിധാനത്തിന്‌  ഇതെല്ലാം നിർവഹിക്കാൻ കഴിയില്ലെന്ന്‌ ജീവനക്കാർ പറയുന്നു.