കണ്ണൂർ : സംസ്ഥാനത്തെ വസ്ത്ര നിർമാണ മേഖലയെ സ്വയംപര്യാപ്‌തമാക്കാൻ കണ്ണൂരിൽ വൻകിട പദ്ധതി വരുന്നു. തളിപ്പറമ്പ് നാടുകാണി കിൻഫ്ര ടെക്‌സ്റ്റൈൽ സെന്ററിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയത്. ഡൈയിങ് ആൻഡ് പ്രിന്റിങ് യൂണിറ്റാണ് ഇവിടെ സ്ഥാപിക്കുക. കേരള ടെക്‌സ്റ്റൈൽ കോർപ്പറേഷനാണ് പുതിയ പ്ലാന്റ് നിർമിക്കുന്നത്. പത്തേക്കറിലാണ് ടെക്‌സ്റ്റൈൽ ഡൈയിങ് ആൻഡ് പ്രിന്റിങ് യൂണിറ്റ് ഒരുങ്ങുന്നത്. 180 പേർക്ക് നേരിട്ടും 300 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും. 25.55 കോടിയാണ് ചെലവ് കണക്കാക്കുന്നത്. ആദ്യ ഗഡുവായി ആറുകോടി രൂപ അനുവദിച്ചു. കേരളത്തിലെ കൈത്തറി, പവർലൂം മേഖലകൾക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. ഏത് തരം തുണികളും പ്രോസസ് ചെയ്യാവുന്ന രീതിയിലാണ് നിർമാണം. പ്രതിദിന ഉൽപാദനം 30,000 മീറ്റർ എന്ന കണക്കിൽ വർഷം ശരാശരി ഒരുകോടി മീറ്റർ തുണി പ്രോസസ് ചെയ്യാനാകുമെന്നാണ് കണക്കാക്കുന്നത്. ആദ്യ ഘട്ടമായ ഡിജിറ്റൽ പ്രിന്റിങ് മെഷീൻ ഈ വർഷം സ്ഥാപിക്കും.