കണ്ണൂരിൽ എറണാകുളവും പാലക്കാടും തമ്മിൽ യുദ്ധം


കണ്ണൂർ : ആവനാഴിയിലെ ആയുധങ്ങൾ ഒന്നൊഴിയാതെ പരീക്ഷിക്കുകയാണ്‌ എറണാകുളവും പാലക്കാടും. സംസ്ഥാന സ്‌കൂൾ കായികോത്സവം ചൊവാഴ്‌ച അവസാനിക്കാനിരിക്കെ  ഒറ്റ പോയിന്റിൽ ഒന്നാമതാണ്‌ എറണാകുളം ( 77.33). വിടാതെ പാലക്കാടുണ്ട്‌ (76.33).

മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാലാ സ്‌റ്റേഡിയം ട്രാക്കും ഫീൽഡും  പുതിയ പോരിന്‌ വഴിതുറന്നു. ഇനിയുള്ള രണ്ട്‌  പകലുകൾ കായിക കേരളത്തിന്റെ അധിപരെ നിർണയിക്കും. ഒറ്റ പിഴവ്‌ ആരേയും വീഴ്‌ത്തും. മനസ്സുറപ്പോടെ തളരാതെ കുതിക്കുന്നവർ കപ്പിൽ മുത്തമിടും. 4x100 റിലേയടക്കം  തിങ്കളാഴ്‌ച 34 ഫൈനലാണ്‌.

ചാമ്പ്യൻ സ്‌കൂളിനായുള്ള പോരിൽ കോതമംഗലം മാർ ബേസിൽ എച്ച്‌എസ്‌എസിനെ (22.33) പിന്നിലാക്കി പാലക്കാട്‌ കല്ലടി എച്ച്‌എസ്‌ കുമരംപുത്തൂർ (28.33) മുന്നിലെത്തി. ഗവ. എച്ച്‌എസ്‌ മണീട്‌ പിറവമാണ്‌ (20) മൂന്നാമത്‌. ബാക്കിയുള്ളത്‌ 57 ഫൈനലുകൾ. അഞ്ച്‌ മീറ്റ്‌ റെക്കോഡുകൾ പിറന്ന രണ്ടാം ദിനം പുതിയ വേഗക്കാരെയും കണ്ടെത്തി.  പെൺകുട്ടികളിൽ മീറ്റ്‌ റെക്കോഡോടെ തൃശൂർ നാട്ടിക ഗവ. ഫിഷറീസ്‌ എച്ച്‌എസ്‌എസിലെ  ആൻസി സോജനും (12.05)  ആൺകുട്ടികളിൽ പാലക്കാട്‌ ബിഇഎംഎച്ച്‌എസ്‌എസിലെ ആർ കെ സൂര്യജിത്തും (11.02) കൗമാരകേരളത്തിന്റെ പുതിയ വേഗക്കാരായി.

സബ്‌ ജൂനിയർ ആൺകുട്ടികളുടെ ഡിസ്‌കസ്‌ ത്രോയിൽ കാസർകോട്‌ കുട്ടമത്ത്‌ ജിഎച്ച്‌എസ്‌എസിന്റെ കെ സി സെർവാൻ പതിനാലുവർഷത്തെ മീറ്റ്‌ റെക്കോഡ്‌ തിരുത്തി. സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മാതിരപ്പള്ളി എംഎ കോളേജ്‌ സ്‌പോർട്‌സ്‌ ഹോസ്റ്റലിലെ  ജിബിൻ തോമസും പുതിയ ദൂരം കുറിച്ചു. 400 മീറ്റർ ഹർഡിൽസിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഉഷ സ്‌കൂളിലെ പ്രതിഭ വർഗീസും  സീനിയർ ആൺകുട്ടികളിൽ പാലക്കാട്‌ ബിഇഎംഎച്ച്‌എസ്‌എസിലെ എ രോഹിതും റെക്കോഡിട്ടു. അഞ്ചു പേർ ഇരട്ട സ്വർണം നേടി.