വാട്സാപ്പുകാർക്ക് കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പ്, മുൻകരുതലായി അപ്‌ഗ്രേഡു ചെയ്യുക

ഓൺ‌ലൈനിൽ ഹാക്കിങ്, ഫിഷിങ്, സുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ നോഡൽ സൈബർ സുരക്ഷാ ഏജൻസി വാട്സാപ് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെട്ടു. എം‌പി 4 ഫയൽ വഴി പ്രചരിപ്പിക്കാവുന്ന ഒരു മാൾവെയറിനെ കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. രാജ്യത്തെ എല്ലാ വാട്സാപ് ഉപയോക്താക്കളും അടിയന്തരമായി വാട്സാപ് അപ്ഗ്രഡ് ചെയ്യണമെന്നാണ് നിർദ്ദേശം.

ടാർഗെറ്റ് ചെയ്യുന്ന സിസ്റ്റത്തിൽ അനിയന്ത്രിതമായ കോഡ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടാൽ ഹാക്കർക്ക് എവിടെ ഇരുന്നും ഡേറ്റ ചോർത്താനും ഡിവൈസുകൾ പ്രവർത്തിപ്പിക്കാനും കഴിയുമെന്നും കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം-ഇന്ത്യ (സിഇആർടി-ഇൻ) ന്റെ മുന്നറിയിപ്പ്.

പ്രശ്‌നത്തെ നേരിടുന്നതിനു വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡുചെയ്യാനാണ് സി‌ആർ‌ടി-ഇൻ‌ നിർദ്ദേശിക്കുന്നത്. ടെക് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സാപ്. ഇതിനാൽ തന്നെ വാട്സാപ്പിനെതിരെയുള്ള ഹാക്കിങ് നീക്കങ്ങളും വ്യാപകമാണ്. പെഗാസസ് മോഡൽ സ്പൈവെയർ ആക്രമണം വീണ്ടും വരുന്നുവെന്ന് ദിവസങ്ങൾക്ക് മുൻപാണ് റിപ്പോർട്ട് വന്നത്. നിങ്ങൾക്ക് അജ്ഞാത നമ്പറിൽ നിന്ന് വാട്സാപ്പിൽ ഒരു എം‌പി 4 വിഡിയോ ഫയൽ ലഭിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. ഫോണുകളിൽ സ്പൈവെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് വാട്സാപ്പിന്റെ ബഗ് ഉപയോഗിക്കുന്ന ഒരു പുതിയ തരം ഹാക്കിങ് രീതിയാണിത്.

എംപി4 ഫോർമാറ്റിൽ ഒരു വിഡിയോ ഫയൽ അയച്ചുകൊണ്ട് ഫോണുകൾ ടാർഗെറ്റുചെയ്യാൻ വാട്സാപ്പിന്റെ ബഗ് ഉപയോഗപ്പെടുത്തുകയാണ് ആക്രമണകാരികൾ ചെയ്യുന്നത്. വാട്സാപ്പിലെ പുതിയ സുരക്ഷാ ലംഘനത്തെക്കുറിച്ച് അറിയിച്ചപ്പോൾ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സി‌ആർ‌ടി) ഭീഷണിയെ ‘ഉയർന്ന തീവ്ര’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്.

ഉപയോക്താക്കളുടെ ഫോണുകളെ ആക്രമിക്കാൻ വാട്സാപ്പിന്റെ വിഡിയോ കോളിങ് ഫീച്ചർ ഉപയോഗിച്ച സാങ്കേതികവിദ്യ (പെഗാസസ് സ്പൈവെയർ) നൽകിയെന്നാരോപിച്ച് ഇസ്രയേൽ സ്പൈവെയർ നിർമാതാക്കളായ എൻ‌എസ്‌ഒ ഗ്രൂപ്പ് അടുത്തിടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വാട്സാപ്പിന്റെ മാതൃ കമ്പനിയായ ഫെയ്‌സ്ബുക്കും എംപി 4 ഫയലുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


വാട്സാപ്പിലെ പുതിയ ഹാക്കിങ് ഭീഷണി സോഷ്യൽമീഡിയകളിൽ വൻ ചർച്ചയായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിൽ രക്ഷപ്പെടാൻ വാട്സാപ് ഉപേക്ഷിക്കുകയാണ് ഏറ്റവും നല്ലതെന്നാണ് മിക്കവരും പ്രതികരിച്ചത്. വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ പോലും വാട്സാപ് നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. ഇതോടെ വാട്സാപ്പിന്റെ സ്വകാര്യതയും സുരക്ഷയും നഷ്ടപ്പെട്ടു തുടങ്ങിയെന്നാണ് മിക്കവരും പറയുന്നത്