തയ്യാറെടുപ്പുകൾ പൂർത്തിയായി ; സംസ്ഥാന സ്‌കൂൾ കായികമേള 16 മുതൽ കണ്ണൂരിൽ


16 വർഷത്തിനുശേഷമാണ്‌  ‘സ്‌കൂൾ ഒളിമ്പിക്‌സ്‌’ വീണ്ടും കണ്ണൂരിലെത്തുന്നത്‌. 2003ൽ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിലായിരുന്നു 47–-ാമത്‌ മീറ്റ്‌. സമ്പൂർണ സുരക്ഷയാണ്‌ ഇത്തവണത്തെ പ്രത്യേകത. കായികോത്സവവുമായി ബന്ധപ്പെട്ട എല്ലാവരെയും ഇൻഷുർ ചെയ്‌തു. അത്‌ലീറ്റുകൾക്ക്‌ പരിശീലനത്തിനും വിപുലമായ സൗകര്യമുണ്ട്‌. കാണികൾക്കായി താൽക്കാലിക ഗ്യാലറി ഒരുക്കുന്നു. നാലുദിവസം കണ്ണും കാതും കരളും കണ്ണൂരിനു നൽകാം. 

മത്സരനടത്തിപ്പിൽ  ആശങ്കവേണ്ട
കായികോത്സവത്തിനുള്ള ഒഫീഷ്യലുകളുടെ കാര്യത്തിൽ ആശങ്കയില്ല. രണ്ട്‌ ശതമാനം കായിക അധ്യാപകരാണ്‌ കായികോത്സവത്തിൽനിന്ന്‌ വിട്ടുനിൽക്കുന്നത്‌. മറ്റുള്ളവരെല്ലാം സജീവമായി രംഗത്തുണ്ട്‌. അത്‌ലറ്റിക്‌ അസോസിയേഷനും സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലും സർവകലാശാലകളും ആവശ്യമായ ഒഫീഷ്യലുകളെ നൽകുന്നുണ്ട്‌. മുന്നൂറോളം ഒഫീഷ്യലുകളാണ്‌ മത്സരനടത്തിപ്പിന്‌ വേണ്ടത്‌. അതിലേറെപ്പേർ ഇപ്പോഴുണ്ട്‌.  അധ്യാപക സംഘടനകൾ കായികമേളയുമായി പൂർണമായി സഹകരിക്കുന്നു. 

ഡോ. ചാക്കോ ജോസഫ്‌ , വിദ്യാഭ്യാസ വകുപ്പ്‌ ജോയിന്റ്‌ ഡയറക്‌ടർ (സ്‌പോർട്‌സ്‌)

എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള തയ്യാറെടുപ്പ്‌
ഹാമർ, ഡിസ്‌ക്‌, ജാവലിൻത്രോകൾക്ക്‌ അന്താരാഷ്‌ട്ര അത്‌ലറ്റിക്‌ ഫെഡറേഷന്റെ മാനദണ്ഡപ്രകാരമുള്ള  സൗകര്യങ്ങൾ ഇവിടെയുണ്ട്‌. സ്‌റ്റേഡിയത്തിലെ മുഴുവൻ സംവിധാനങ്ങളും പരിശോധിച്ചാണ്‌ ബി ലെവൽ സർട്ടിഫിക്കറ്റ്‌ അനുവദിച്ചത്‌.  അതിനുശേഷമാണ്‌ മത്സരത്തിനുള്ള അംഗീകാരം ലഭിച്ചത്‌. ഹാമർ സർക്കിൾ മിനുസപ്പെടുത്തുന്ന പണിനടക്കുകയാണ്‌. പരുപരുത്ത പ്രതലത്തിൽനിന്ന്‌ ഹാമർ പായിക്കേണ്ടി വരില്ല. ഹാമർ, ഡിസ്‌ക്‌, ജാവലിൻ മത്സരങ്ങൾ ഒരേ സമയം നടക്കില്ല. ലോങ്‌ജമ്പ്‌  പിറ്റിനടുത്തും ആവശ്യമായ റണ്ണിങ്‌ ഏരിയയുണ്ട്‌.

വാമിങ്‌ അപ്പിന്‌ ഒരേക്കർ സ്ഥലം തയ്യാറാക്കിയിട്ടുണ്ട്‌. മഴയുണ്ടായാൽ വെള്ളം ഒഴുകിപ്പോകുന്ന രീതിയിലാണ്‌ ഇതിന്റെ നിർമാണം. 1500 പേർക്ക്‌ മത്സരം വീക്ഷിക്കാനുള്ള താൽക്കാലിക ഗ്യാലറി ഒരുക്കുന്നു. സ്‌റ്റേഡിയത്തിലെ പവലിയന്‌ തൊട്ടുള്ള 100 ബെഡ്ഡുള്ള  മെഡിക്കൽ സൗകര്യം മറ്റൊരിടത്തും ഉണ്ടാകില്ല. 

പ്രൊഫ. പി ടി ജോസഫ്‌ ,(കണ്ണൂർ സർവകലാശാല കായിക വിഭാഗം മുൻ മേധാവിയും സംഘാടകസമിതി വൈസ്‌ ചെയർമാനും)

കുറ്റമറ്റ സജ്ജീകരണം
കായികോത്സവം കുറ്റമറ്റ രീതിയിൽ നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്‌. സ്‌റ്റേഡിയത്തിലെ സ്ഥലസൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു.

യു ഹരിദാസ്‌ , (ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ)