മേയർ ബ്രോയ്ക്ക് പുതിയൊരു പകരക്കാരൻ

കെ ശ്രീകുമാറിനെ പുതിയ തിരുവനന്തപുരം മേയറായി തെരഞ്ഞെടുത്തു. ബിജെപി നഗരസഭാകക്ഷി നേതാവും നേമം കൗൺസിലറുമായ എംആർ ഗോപനായിരുന്നു ബിജെപി സ്ഥാനാർത്ഥി. പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാറായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ഇരുവരെയും പിന്തള്ളിയാണ് കെ ശ്രീകുമാർ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

തിരുവനന്തപുരം മേയറായിരുന്ന വികെ പ്രശാന്ത് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തിരുവനന്തപുരത്ത് പുതിയ മേയറിനായുള്ള തെരഞ്ഞെടുപ്പ് നടന്നത്.

100 അംഗ കോർപറേഷനിൽ വികെ പ്രശാന്ത് രാജിവച്ചതോടെ 42 അംഗങ്ങളുടെ പിന്തുണയാണ് എൽഡിഎഫിനുള്ളത്. 35 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 21 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ഒരു സ്വതന്ത്രയും കൗൺസിലിലുണ്ട്. മേയർ സ്ഥാനത്തേക്ക് പൊതുസമ്മതനെ നിർത്താനാണ് കോൺഗ്രസും ബിജെപിയും ആദ്യം ലക്ഷ്യമിട്ടതെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.