കാട് തെളിക്കൽ യന്ത്രം മുതൽ കൊയ്ത്ത് യന്ത്രം വരെ വാങ്ങാം 80% വരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സബ്‌സിഡിയോടെ.

കണ്ണൂർ : സബ്‌സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന നടപ്പുവര്‍ഷത്തെ കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലൂടെ (SMAM) കാടുവെട്ടി യന്ത്രം മുതല്‍ കൊയ്ത്തുമെതിയന്ത്രം വരെയുളള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് കര്‍ഷകര്‍ക്കും, കര്‍ഷകത്തൊഴിലാഴികള്‍ക്കും, കര്‍ഷക ഗ്രൂപ്പുകള്‍ക്കും, സംരംഭകരക്കും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍, യന്ത്രങ്ങള്‍ക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കല്‍, ഡീലര്‍മാരെ തിരഞ്ഞെടുക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി അറിയല്‍, സബ്‌സിഡി ലഭിക്കല്‍ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ ആയി സംവിധാനം ചെയ്തിരിക്കുന്നതിനാല്‍ ഗുണഭോക്താക്കള്‍ക്ക് ഇക്കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും താല്‍പ്പര്യമുളള യന്ത്രം വിലപേശി സ്വന്തമാക്കുവാനും ഈ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും പദ്ധതിയുടെ ഭാഗമാക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. പദ്ധതിയുടെ വിശദാംശങ്ങളും രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കുന്നതിനും agrimachinery.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ആണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്.