എന്താണ് അയോധ്യാ കേസ് ? രാജ്യം ഉറ്റുനോക്കുന്ന കേസിനെ കുറിച്ച് അറിയേണ്ടതെല്ലാം

 രാജ്യം ഉറ്റുനോക്കുന്ന അയോധ്യ വിധി വരാൻ മണിക്കൂറുകൾ മാത്രം ബാക്കി. 134 വർഷത്തെ നിയമയുദ്ധത്തിനും വാദപ്രതിവാദങ്ങൾക്കുമാണ് ഇന്ന് 10.30ന് തിരശീല വീഴുന്നത്. അയോധ്യയിലെ രണ്ടേക്കർ എഴുപത്തിയേഴ് സെന്റ് സ്ഥലത്തിലാണ് അവകാശവാദം. മുഴുവൻ സ്ഥലവും തങ്ങൾക്ക് വിട്ടുകിട്ടണമെന്നാണ് സുന്നി വഖഫ് ബോർഡ്, രാം ലല്ല, നിർമോഹി അഖാഡ എന്നിവരുടെ ആവശ്യം.

16ആം നൂറ്റാണ്ടിലാണ് അയോധ്യയിൽ ബാബറി മസ്ജിദ് പണികഴിപ്പിക്കുന്നത്. മുഗൾ രാജാവ് ബാബറാണ് പള്ളി പണികഴിപ്പിക്കുന്നത്. ഇതിന് മുമ്പ് പ്രദേശത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും, ഇത് നീക്കം ചെയ്താണ് ബാബർ മസ്ജിദ് നിർമ്മിക്കുന്നതെന്നും ആരോപിച്ച് പള്ളി കർസേവകർ 1992ൽ പൊളിക്കുകയായിരുന്നു. പിന്നീടങ്ങോട് അയോധ്യ സാക്ഷ്യം വഹിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ചേരിപ്പോരും കലഹവുമായിരുന്നു….

അയോധ്യ തർക്കം തുടങ്ങുന്നത്….

1885 ലാണ് നിർമോഹി അഖാര അംഗം ബാബറി മസ്ജിദ് അങ്കണത്തിൽ ക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോടതിയിൽ ആദ്യമായി ഹർജി നൽകുന്നത്. എന്നാൽ മതസ്പർധയുണ്ടാക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയായിരുന്നു.

1949ൽ, സ്വാതന്ത്ര്യം ലഭിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം, രാമന്റെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾ പള്ളിക്കുള്ളിൽ ഒരു കൂട്ടം കടന്നുകയറി സ്ഥാപിച്ചു. ഇതോടെ ഹിന്ദു, മുസ്ലിം വിശ്വാസികൾ തമ്മിൽ തർക്കമാകുകയും, പള്ളിയെ തർക്ക പ്രദേശമായി കണക്കാക്കുകയും ചെയ്തു. 1950നും 1961നും മധ്യേ നിരവധി ഹർജികളാണ് നിർമോഹി അഖാരയും, സുന്നി വഖഫ് ബോർഡും തർക്കഭൂമിയുടെ അവകാശത്തിനായി കോടതിയിൽ ഫയൽ ചെയ്തത്.

എൺപതുകളിലാണ് വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ നടക്കുന്നത്. 1984ൽ വിശ്വ ഹിന്ദു പരിഷത്ത് അയോധ്യയിൽ രാമക്ഷേത്രം പണികഴിപ്പിക്കണമെന്ന ആവശ്യവുമായി ക്യാമ്പെയിനിന് രൂപംനൽകി. ക്യാമ്പെയിന്റെ മുഖമായി ബിജെപി മാറി.

1986ൽ, ഹിന്ദു മത വിശ്വാസികൾക്ക് പ്രാർത്ഥന നടത്താനായി പള്ളി തുറന്നുകൊടുത്തു. അപ്പോഴേക്കും രാമക്ഷേത്രം പണികഴിപ്പിക്കണമെന്ന് ആവശ്യവുമായി നടത്തുന്ന പ്രചരണം ശക്തമായി കഴിഞ്ഞിരുന്നു. പ്രചരണത്തിന്റെ ഭാഗമായി 1990ൽ ബിജെപി നേതാവ് എൽകെ അദ്വാനി വടക്കേ ഇന്ത്യ കടന്ന് രഥയാത്ര നടത്താൻ തീരുമാനിച്ചു. എന്നാൽ രാഥയാത്ര പ്രതിഷേധങ്ങൾക്കും ആക്രമസംഭവങ്ങൾക്ക് വഴിവയ്ക്കുകയും, അദ്വാനിയെ ബിഹാറിൽ തടവിൽ പാർപ്പിക്കുകയും ചെയ്തു. എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷവും അതിന്റെ കനൽ കെട്ടടങ്ങിയില്ലെന്ന് വളരെ വൈകിയാണ് രാജ്യം മനസ്സിലാക്കിയത്. ഡിസംബർ 6,1992ൽ കർസേവകരുടെ ഒരു വലിയ കൂട്ടം ബാബറി മസ്ജിദ് ആക്രമിക്കുകയും പള്ളി പൊളിച്ചുനീക്കുകയും ചെയ്തു.

കേസിലെ കക്ഷികൾ

ഭഗവാൻ രാംലല്ല വിരാജ്മാൻ – ഹിന്ദു മഹാസഭ നേതൃത്വം നൽകുന്ന ഈ വിഭാഗം ഹിന്ദു ദൈവമായ രാമനെ പ്രതിനിധീകരിക്കുന്നു.

നിർമോഹി അഖാര- ബാബറി മസ്ജിദ് അങ്കണത്തിൽ രാമ ക്ഷേത്രം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന സംഘം.

സുന്നി സെൻട്രൽ വഖഫ് ബോർഡ്- പ്രദേശത്ത് പള്ളി പണിയണെന്ന് ആവശ്യപ്പെടുന്ന സംഘം.

കേസ് കോടതിയിലേക്ക്….

2002ലാണ് അലഹബാദ് കോടതി 2.77 ഏക്കർ തർക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ട് ഉത്തരവിറക്കുന്നത്. ഒന്ന് രാം ലല്ലയ്ക്കും, ഒന്ന് സുന്നി വഖഫ് ബോർഡിനും ഒന്ന് നിർമോഹി അഖാരയ്ക്കും. എന്നാൽ 2011ൽ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് മൂന്ന് കക്ഷികളും സുപ്രിംകോടതിയെ സമീപിച്ചു.

മൂന്ന് വിഭാഗത്തിനും വേണ്ടത്….

തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുക എന്ന ആവശ്യമാണ് രാം ലല്ല വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. രാം ലല്ല (രാമന്റെ ചെറുപ്പകാലം), നിയമത്തിന്റെ മുമ്പിൽ ‘മൈനർ’ ആയതുകൊണ്ട് തന്നെ 1956ലെ ഹിന്ദു മൈനോരിറ്റി ആന്റ് ഗാർഡ്യൻഷിപ്പ് ആക്ട് സെക്ഷൻ 11 പ്രകാരം ‘മൈനറിന്റെ’ സ്വത്ത് വിൽക്കാൻ പാടുള്ളതല്ലെന്ന് ഈ വിഭാഗം വാദിക്കുന്നു.

തർക്കഭൂമിയിൽ പള്ളി പണിയണമെന്നതാണ് സുന്നി മുസ്ലിം വഖഫ് ബോർഡിന്റെ ആവശ്യം. സ്‌പെഷ്യൽ പ്രൊവിഷൻസ് ആക്ട് പ്രകാരം പള്ളി ആരാധനാലയങ്ങളുടെ പട്ടികയിൽ പെടുത്തണമെന്നും ആവശ്യമുണ്ട്.

നൂറ്റാണ്ടുകളായി രാമനെ ആരാധിക്കുന്ന തങ്ങൾക്ക് തർക്കഭൂമിയുടെ അവകാശം നൽകണമെന്നാണ് നിർമോഹി അഖാരയുടെ ആവശ്യം.

അയോധ്യ കേസ് നാൾ വഴികൾ

1528 ബാബറി മസ്ജിദ് നിർമാണം

1853 ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നു. ക്ഷേത്ര സ്ഥലത്താണു പള്ളി എന്ന വാദം ഉയർത്തി നിർമോഹി അഖാഡ.

1859 ബ്രിട്ടിഷ് സർക്കാർ പള്ളിക്ക് ചുറ്റുമതിൽ കെട്ടി. പള്ളിക്കകം മുസ്‌ലീങ്ങൾക്കും വളപ്പ് ഹിന്ദുക്കൾക്കും എന്ന നിലയിൽ.

1885 മഹന്ത് രഘുബീർ ദാസ് എന്ന പുരോഹിതൻ ക്ഷേത്രം പണിയാൻ സ്ഥലം നൽകണമെന്ന ആവശ്യം കോടതിയിൽ ഉന്നയിക്കുന്നു. ഹർജി ഫൈസാബാദ് സബ്‌കോടതി തള്ളി. ഇതിനെതിരെ നൽകിയ അപ്പീലുകൾ 1886 മാർച്ച് 18ന് ജില്ലാകോടതിയും നവംബർ ഒന്നിന് ജുഡീഷ്യൽ കമ്മീഷണറും തള്ളി.

1949 ഓഗസ്റ്റ് 22 പള്ളിവളപ്പിൽ ഒരു സംഘം ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്നു.

1950 ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മസ്ജിദ് വളപ്പ് ഏറ്റെടുത്ത് റിസീവർ ഭരണത്തിലാക്കി.

1950 ജനുവരി 16ന് ഗോപാൽ സിംഗ് വിശാരദ് ഭൂമി ആവശ്യപ്പെട്ട് ആദ്യം കേസ് നൽകി. അയോധ്യ തർക്കത്തിലെ നിയമപോരാട്ടം ഇവിടെ തുടങ്ങുന്നു.

1959 ഹിന്ദു സംഘടന നിർമോഹി അഖാഡ കേസ് നൽകി

1961 യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് കേസ് നൽകി

1982 വിശ്വഹിന്ദു പരിഷത് രാമജന്മഭൂമി പ്രസ്ഥാനം ആരംഭിക്കുന്നു

1986 ജനുവരി 31 മസ്ജിദ് ഹിന്ദുക്കൾക്കായി തുറന്നുകൊടുക്കാൻ ഫൈസാബാദ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുന്നു.

1989 രാമക്ഷേത്ര നിർമാണം ബിജെപി അജൻഡയിൽ ഉൾപ്പെടുത്തി

1989 ക്ഷേത്രവുമായി ബന്ധപ്പെട്ട നാലു കേസുകളും അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റി
1989 വിഎച്ച്പിക്ക് ശിലാന്യാസം നടത്താൻ അനുമതി

1990 എൽ കെ അദ്വാനി രഥയാത്ര തുടങ്ങി

1991 മസ്ജിദിനോട് ചേർന്നുള്ള മുസ്‌ലിം വഖഫ് ബോർഡിന്റെ 2.77 ഏക്കർ യുപി സർക്കാർ ഏറ്റെടുത്തു
1992 കർസേവകർ മസ്ജിദ് തകർത്തു

1992 മസ്ജിദ് തകർത്തത് അന്വേഷിക്കാൻ ലിബറാൻ കമ്മിഷനെ നിയമിച്ചു

1993 ജനുവരി 7, തർക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സർക്കാർ നിയമം, കർസേവകർക്കും ബിജെപി നേതാക്കൾക്കും എതിരെ സിബിഐ കേസെടുത്തു

1994 ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് തീരുമാനമാകുന്നതുവരെ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

2002 നാലു കേസുകളും അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ പരിഗണനയിൽ.
2010 സെപ്റ്റംബർ 30 അറുപതു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിൽ തർക്കഭൂമി മൂന്നായി വിഭജിക്കാൻ അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ വിധി

2011 അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന വിധി സ്‌റ്റേ ചെയ്തു

2017 അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, ഉമാ ഭാരതി എന്നിവരുൾപ്പെടെ 15 പേർക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ കോടതി നിർദേശം

2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ ഭരണഘടന ബെഞ്ചിന്.

2019 മാർച്ച് 08 സമവായ ചർച്ചക്ക് സുപ്രീംകോടതി ഉത്തരവ്. ചർച്ച പരാജയപ്പെട്ടു.

2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയിൽ അന്തിമവാദം .

2019 ഒക്ടോബർ 16 നാല്പത് ദിവസത്തെ വാദത്തിന് ശേഷം ഹർജികൾ വിധി പറയാൻ മാറ്റി.