എം.വി.ആറിന്റെ ചരമവാർഷികം; അവകാശത്തർക്കം മുറുകുന്നു

എംവിആർ അനുസ്മരണത്തിലും കുടുംബവും അണികളും പല തട്ടിൽ; നടക്കുന്നത് മൂന്ന് പരിപാടികൾ
  • MALAYORAM.COM

രാഷ്ട്രീയത്തിലെ അതികായനായിരുന്ന എം വി രാഘവന്റെ ഓർമ്മകൾ നാട് പുതുക്കുമ്പോൾ അണികളും കുടുംബവും പല തട്ടുകളിലായി തുടരുന്നു. എം വി ആറിന്റെ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പോലും ഒന്നിച്ചു നിൽക്കാൻ കഴിയാത്തത്ര അകൽച്ചയിൽ ആണ് പിന്തുടർച്ച അവകാശികൾ. മൂന്നു വിഭാഗങ്ങളും പ്രത്യേകമായാണ് എം വി ആറിനെ അനുസ്മരിക്കാൻ തയാറെടുക്കുന്നത്. അരവിന്ദാക്ഷൻ വിഭാഗവും സി പി ജോൺ വിഭാഗവും വ്യത്യസ്ത അനുസ്മരണ യോഗങ്ങൾ ആണ് സംഘടിപ്പിക്കുന്നത്. സിപിഎമ്മിൽ ലയിച്ച സി എം പി വിഭാഗം ഇതിൽ നിന്നെല്ലാം മാറി മറ്റൊരു പരിപാടി സംഘടിപ്പിക്കുന്നു. മൂന്നു മക്കളും മൂന്നു ചേരിയിലാണ്.

സിപിഎമ്മിൽ ലയിച്ച എം വി ആറിന്റെ പിൻഗാമികൾ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം എം വി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്യുന്നത്. സിപിഎമ്മിനെ പേര് പറയാതെയാണ് പ്രചാരണ ബോർഡുകൾ. എം വി ആറിന്റെ മകൻ എം വി നികേഷ് കുമാർ ഈ പരിപാടിയിൽ എത്തും. രാവിലെ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. വൈകുന്നേരം സ്റ്റേഡിയം കോർണറിൽ ചേരുന്ന പൊതുയോഗത്തിൽ യൂസഫ് തരിഗാമി എംവിആർ പുരസ്കാരം സമ്മാനിക്കും. സിപിഎം ജില്ലാ സെക്രട്ടറി എം പി ജയരാജനും ചടങ്ങിൽ എത്തിച്ചേരും. കൂത്തുപറമ്പ് വെടിവെപ്പ് ഓർമ്മകൾ ഇന്നും സൂക്ഷിക്കുന്ന സിപിഎം സാവധാനം എങ്കിലും എംവിആറിനോടുള്ള ഭ്രഷ്ട് അവസാനിപ്പിക്കുകയാണ് എന്ന് വ്യക്തം.

എംവിആറിന്റെ ഇളയമകൻ എം വി രാജേഷിന്റെ നേതൃത്വത്തിലുള്ള അനുസ്മരണ പരിപാടികളും പയ്യാമ്പലത്തെ സ്മൃതി മണ്ഡലത്തിലെ പുഷ്പാർച്ചനയോടെ തന്നെയാണ് ആരംഭിക്കുന്നത്. കണ്ണൂരിൽ നടക്കുന്ന സിഎംപി പത്താം പാർട്ടി കോൺഗ്രസിന്റെ ചടങ്ങുകൾക്കിടയിലാണ് ആണ് പരിപാടി. എം വി രാജേഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി കോൺഗ്രസിനും അനുസ്മരണത്തിന് എതിരെ സി പി ജോൺ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. യഥാർഥ സിഎംപി തങ്ങളാണെന്ന് കോടതി വിധിയിലൂടെ വ്യക്തമായിട്ടുണ്ട് എന്നാണ് അവരുടെ വാദം. അരവിന്ദാക്ഷൻ വിഭാഗത്തിന് പാർട്ടി കോൺഗ്രസ് നടത്താൻ എന്ത് അധികാരമാണ് ഉള്ളതെന്നും അവര്‍ ചോദിക്കുന്നു.

യു.ഡി.എഫിനൊപ്പമുള്ള സിഎംപിയുടെ എം.വി.ആർ അനുസ്മരണം പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയായ സി പി ജോൺ തന്നെ ഉദ്ഘാടന ചെയും. എം വി ആറിനെ മകൻ എം വി ഗിരീഷ് കുമാർ ഈ പരിപാടിയിലാണ് പങ്കെടുക്കുക.

സംസ്ഥാനത്തെ തൊഴിലാളി വിഭാഗത്തെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച എം വി ആറിന്റെ പിൻഗാമികൾ എല്ലാം കൊണ്ടും വ്യത്യസ്ത ധ്രുവങ്ങളിലാണ്. ഏഴു തവണ നിയമസഭാ സാമാജികനും രണ്ടുതവണ സഹകരണ വകുപ്പ് മന്ത്രിയും ആയിരുന്ന എം വി ആറിനെ തണലിൽ ആയിരുന്നു ഒരു കാലഘട്ടത്തിൽ പിണറായി വിജയൻ പോലും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന കാലഘട്ടത്തിൽ കണ്ണൂർ സി പി എമ്മിലെ അവസാന വാക്കായിരുന്നു എം വി ആർ. ബദൽ രേഖയും തുടർന്നുള്ള വിവാദവും മൂർച്ഛിച്ചപ്പോൾ പലരും മറുകണ്ടം ചാടി. എന്നാൽ എം വി ആർ നിലപാട് മാറ്റിയില്ല. ഒടുവിൽ യുഡിഎഫ് പാളയത്തിൽ എത്തി. 87 അഴീക്കോട് മണ്ഡലത്തിൽ ശിഷ്യൻ ഇ പി ജയരാജനോട് ഏറ്റുമുട്ടി ജയിച്ചു.

പക്ഷേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോൾ പിൻഗാമികൾ പോരടിച്ചു. രാഷ്ട്രീയ പിന്തുടർച്ചാവകാശം പ്രഖ്യാപിച്ചു മക്കൾ പോലും വ്യത്യസ്ത ചേരികളിൽ. രാഷ്ട്രീയ കേരളത്തിന്റെ ഓർമ്മകളിൽ എംവിആർ എന്നും തിളങ്ങുമ്പോൾ, യഥാർത്ഥ പിന്തുടർച്ചക്കാർ ആരെന്ന് അവകാശതർക്കം ദിനംപ്രതി മുറുകുന്നു.