കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.


തിരുവനന്തപുരം : ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. നേരത്തെ തന്നെ ഐസൊലേറ്റ്‌ ചെയ്‌ത്‌ പ്രത്യേക വാർഡിൽ നിരീക്ഷണത്തിലായിരുന്ന വിദ്യാർഥിയിലാണ്‌ കൊറോണ വൈറസ്‌ സ്ഥിരീകരിച്ചിരിക്കുന്നതെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ സാമ്പിൾ അയച്ചതിൽ ഒരാളുടെ രക്തസാമ്പിളാണ്‌ പോസിറ്റീവായത്‌. അതിൽ പത്തു സാംപിളുകൾ നൈഗറ്റീവ് ആണ്. ആറെണ്ണം ലാബ് അധികൃതർ ഹോൾഡ് ചെയ്തിരിക്കുകയാണ്.

രോഗം സംശയിച്ച് ഐസൊലേറ്റ്‌ ചെയ്യപ്പെട്ട നാലു പേരിൽ ഒരു വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ട പരിശോധനയിലാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്.

തൃശൂർ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്‌ വിദ്യാർഥിയെ പ്രവേശിപ്പിച്ചത്‌. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല, വിദ്യാർഥിയുടെ ആരോഗ്യനില തൃപ്‌തികരമാണ്, ചൈനയിലെ വുഹാനിൽ നിന്നുള്ള മലയാളി വിദ്യാർഥിയിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ ആകെ 806 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.