ഇന്ന് (29 ഏപ്രിൽ 2020) സംസ്ഥാനത്ത് പത്തു പേർക്ക് കൊറോണ സ്ഥിതീകരിച്ചു. കൊല്ലത്ത് ആറു പേര്‍ക്കും തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടു പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊല്ലത്ത് ആറു പേര്‍ക്കും തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടു പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍ഗോഡാണ് ദൃശ്യമാധ്യമപ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊല്ലത്തെ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാള്‍ ആന്ധ്രയില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. കാസര്‍ഗോഡ് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വന്നത്.

10 പേര്‍ രോഗമുക്തരായെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ മൂന്നു വീതവും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.

നിലവില്‍ 123 പേര്‍ ചികിത്സയിലുണ്ട്. 20,673 പേര്‍ നിരീക്ഷണത്തിലുണ്ട്. 20,172 പേര്‍ വീടുകളിലും 51 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് 84 പേരെ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂരില്‍ 47 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കോട്ടയത്ത് 18, കൊല്ലം 15, ഇടുക്കി 14, കാസര്‍ഗോഡ് 13, തിരുവനന്തപുരം 2 പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് അഞ്ച് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം. തൃശൂര്‍, ആലപ്പുഴ, വയനാട് ജില്ലകളില്‍ ആരും ചികിത്സയില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താശേഖരം വളരെ കരുതലോടെയാക്കാനും അപകടം ഒഴിവാക്കാനും മാധ്യമപ്രവര്‍ത്തകര്‍ വളരെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം നേരത്തേയും പലവട്ടം മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ എന്നീ പഞ്ചായത്തുകളേയും ഉള്‍പ്പെടുത്തി. നിലവില്‍ 108 ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ട്. ഇതില്‍ 28 എണ്ണം കണ്ണൂരിലും ഇടുക്കിയില്‍ 15 എണ്ണവുമാണ്.

സംസ്ഥാനം അസാധാരണ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവത്താതാണ്. വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായി.

പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു നിയമപ്രാബല്യം പോരാ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

എംഎല്‍എമാര്‍ക്ക് പ്രതിമാസം ലഭിക്കുന്നന തുകയിലും ഹോണറോറിയത്തിലും കുറവ് വരുത്തും. കൊവിഡിന്റെ സാഹചര്യത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിനുള്ള വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ തടസമുണ്ട്.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പുതുതായി ഒരു വാര്‍ഡ് രൂപികരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് വാര്‍ഡ് വിഭജനം നടത്തണം. പക്ഷേ കൊവിഡിന്റെ സാഹചര്യത്തില്‍ അതു നടക്കില്ല. അതിനാല്‍ നിലവിലുള്ള വാര്‍ഡുകള്‍ വച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.