സ്നേഹവും കരുതലും കൊണ്ട് മാനസ്സുനിറഞ്ഞ് ക്വാഡൻ ; ഇനി കരയരുതെന്ന് ലോകം


ബ്രിസ്ബെയിൻ : ഉയരം കുറഞ്ഞതിന്റെ പേരിൽ സുഹൃത്തുക്കളുടെ കളിയാക്കലിന് സ്ഥിരം വിധേയനാവുന്ന ക്വാഡൻ എന്ന ഒമ്പതുവയസ്സുകാരൻ അമ്മയോട് തന്നെ കൊന്നുതരുമോ എന്നു ചോദിക്കുന്ന വീഡിയോ വൈറലായിരുന്നു. ബോഡിഷെയിമിങ്ങിന്റെ ഏറ്റവും ഹൃദയം തകർക്കുന്ന അവസ്ഥയാണ് വീഡിയോയിൽ കണ്ടത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ നിന്നുള്ള യരാക ബെയ്ൽസ് എന്ന അമ്മയാണ് മകൻ ക്വാഡൻ 'മരിക്കാനായി എനിക്ക് ഒരു കയർ തരുമോ' എന്നുചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. ഡ്വാർഫിസം എന്ന അപൂർവ ജനിതക രോഗമാണ് ക്വാഡന്റെ ഉയരക്കുറവിനു കാരണം. ഇപ്പോഴിതാ കുഞ്ഞു ക്വാഡനു വേണ്ടി നാനാഭാഗത്തു നിന്നുമുള്ളവരുടെ മാനസിക പിന്തുണയ്ക്കൊപ്പം സാമ്പത്തിക സഹായങ്ങളുടേയും പ്രവാഹമാണ്.

യുഎസിലെ കൊമേഡിയനായ ബ്രാഡ് വില്യംസ് തുടങ്ങിയ ഫണ്ട് റെയ്സിങ് പേജിലൂടെയാണ് അത്ഭുതപ്പെടുത്തുന്ന സാമ്പത്തിക സഹായം ക്വാഡനു ലഭിച്ചിരിക്കുന്നത്. രണ്ടു കോടിയോളം രൂപയാണ് വീഡിയോയിലൂടെ ഹൃദയം കീഴക്കിയ ക്വാഡനു വേണ്ടി സ്വരൂപിച്ചത്.

വീഡിയോ വൈറലായതോടെ ബെയ്ൽസ് ഒരു വാർത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. നിറത്തിന്റേയും ശാരീരിക പ്രത്യേകതകളുടേയും പേരിൽ വിവേചനങ്ങൾ വിധേയരായി നിരവധി കുട്ടികളേയാണ് അമ്മമാർക്ക് നഷ്ടമാകുന്നത്. മക്കൾ നഷ്ടപ്പെടുന്നതാണ് ഏത് അമ്മമാരുടേയും പേടിസ്വപ്നം, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ദിവസവും അത്തരത്തിൽ ഒരവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. - ബെയ്ൽസ് പറയുന്നു.

തന്റെ പ്രിയപ്പെട്ട താരങ്ങൾ ഉൾപ്പെടെ ആശ്വസിപ്പിച്ച് സന്ദേശങ്ങൾ അയച്ചതിന്റെ ആഹ്ളാദത്തിലാണിപ്പോൾ ക്വാഡൻ. '' എന്റെ പ്രിയപ്പെട്ട റാപ്പേഴ്സ് ഉൾപ്പെടെയുള്ളവർ ഇൻസ്റ്റഗ്രാമിലൂടെ സന്ദേശങ്ങൾ അയക്കുന്നുണ്ട്. നിങ്ങളെ ആരെങ്കിലും കളിയാക്കിയാൽ അവർ പറയുന്നത് ശ്രദ്ധിക്കാതെ നിങ്ങൾക്കുവേണ്ടി നിലകൊള്ളുക. വൈകല്യങ്ങളുള്ള കുട്ടികളോട് നന്നായി പെരുമാറാൻ മാതാപിതാക്കളും കുട്ടികളെ പഠിപ്പിക്കണം.''- ക്വാഡൻ പറയുന്നു.

പ്രായത്തിനനുസരിച്ച് ഉയരംവെക്കാത്ത അവസ്ഥയുള്ള കുട്ടിയാണ് ക്വാഡൻ. ഇക്കാരണത്താൽ ഒരു കൂട്ടുകാരൻ മകനെ കളിയാക്കുന്നതിന് ദൃക്സാക്ഷിയാവുകയും ചെയ്തു ആ അമ്മ. സ്കൂളിൽ നിന്ന് അവനെ വിളിക്കാൻ ചെന്നപ്പോഴായിരുന്നു സംഭവം. അമ്മ വിഷയത്തിൽ ഇടപെടാതിരിക്കാൻ ഓടി കാറിൽ കയറിയിരുന്ന് കരഞ്ഞ മകനെ ആശ്വസിപ്പിക്കാൻ ഏറെ പാടുപെട്ടതായി യരാക പറഞ്ഞിരുന്നു.

വിഷയത്തിൽ ഹോളിവുഡ് നടൻ ഹ്യൂ ജാക്മാനും പ്രതികരണവുമായി രംഗത്തെത്തി. ''ക്വാഡൻ നീ കരുത്തനാണ്. എന്തൊക്കെ സംഭവിച്ചാലും നിനക്ക് കൂട്ടുകാരനായി ഞാനുണ്ട്''. നടൻ മാർക്ക് ഹാമിലും ക്വാഡനോട് സ്നേഹം പങ്കുവെച്ചു. ഓസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങൾ തങ്ങളുടെ മത്സരം കാണാൻ ക്വാഡനെ ക്ഷണിച്ചിട്ടുമുണ്ട്.