ഡൽഹിയിൽ ആം ആദ്മി തേരോട്ടം ; തളർന്നു വാടി താമര.. കളത്തിലില്ലാതെ കോണ്ഗ്രസ്സ്.


മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ന്യൂഡൽഹി മണ്‌ഡലത്തിൽ 8277 വോട്ടിന്‌  മുന്നിലാണ്‌. ഉപമുഖ്യമന്ത്രി മനീഷ്‌  സിസോദിയ പട്‌പട്‌ഗഞ്ച്‌ മണ്‌ഡലത്തിൽ ആദ്യം മുന്നിട്ടുനിന്നെങ്കിലും പിന്നീട്‌ പിറകിലായി.  ഷഹീന്‍ബാഗും ജാമിയ മില്ലിയയും ഉള്‍പ്പെടുന്ന ഓഖ്‍ല മണ്ഡലത്തില്‍ ലീഡ്‌ നില മാറി മറിയുകയാണ്‌. നിലവിൽ  ആം ആദ്‌മിയുടെ അമാനുത്തുള്ളയെക്കാൾ ബിജെപി 1631 വോട്ടിന്‌ മുന്നിലാണ്‌. മാൽവിയനഗറിൽ ആം ആദ്‌മി നേതാവ്‌ സോം നാഥ്‌ ഭാരതി മുന്നിലാണ്‌. 

ആം ആദ്‌മിയിൽനിന്ന്‌ കൂറുമാറി അവസാന ഘട്ടത്തിൽ കോൺഗ്രസിൽ എത്തിയ അൽക്ക ലാംബ ചാന്ദ്‌നിചൗക്ക മണ്‌ഡലത്തിൽ പിന്നിലാണ്‌.

വോട്ടെണ്ണൽ രാവിലെ  എട്ടിനാണ്‌ തുടങ്ങിയത്‌.  പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിക്കഴിയുമ്പോള്‍ ആം ആദ്‍മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റമാണ് ദൃശ്യമായത്‌. എക്‌സിറ്റ്‌ പോളുകൾ ആം ആദ്മി പാർടിക്ക്‌ മികച്ച വിജയമാണ്‌ പ്രവചിച്ചിട്ടുള്ളത്‌.

ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി.  ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ജനം അറുപത് സീറ്റ് നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പ്‌ വിജയം ആഘോഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ആംആദ്‌മി സജ്ജീകരിച്ചിട്ടുണ്ട്‌.

ബിജെപി കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തിയിട്ടുണ്ട്‌. നിലവിൽ 12 സീറ്റിൽ ലീഡ്‌ ചെയ്യുന്നു.