കാരുണ്യം വാക്കുകളിൽ മാത്രമല്ല ; ബസ‌് ജീവനക്കാരുടെ ഇടപെടലിൽ തളിപ്പറമ്പിൽ ഒന്നരവയസ്സുകാരന് പുതുജീവൻ.


തളിപ്പറമ്പ‌് : ബസ‌്  യാത്രയ്ക്കിടെ  ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന്  സ്വകാര്യ ബസ് ജീവനക്കാർ ആശുപത്രിയിലെത്തിച്ച ഒന്നരവയസ്സുകാരൻ  ആരോഗ്യനില വീണ്ടെടുത്തു. കൊയ്യം –- തളിപ്പറമ്പ് –-പഴയങ്ങാടി റൂട്ടിലോടുന്ന ‘കാർത്തിക’ ബസ് ജീവനക്കാരുടെ  സമയോചിതമായ  ഇടപെടലാണ‌് ഒന്നരവയസ്സുകാരന് പുതുജീവൻ ലഭിക്കാൻ ഇടയായത്.

തിങ്കളാഴ്ച  പകൽ 11ന്‌  കുറുമാത്തൂർ സ്‌കൂൾ സ്റ്റോപ്പിൽനിന്നാണ് യുവതിയും കുഞ്ഞും ബസിൽ കയറിയത്. കുഞ്ഞിന‌്  ശ്വാസതടസ്സമുണ്ടായതൊടെ ജീവനക്കാർ  ബസ്  തളിപ്പറമ്പ‌്  സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  പത്ത് കിലോമീറ്ററിനിടെ യാത്രക്കാരെ ഇറക്കുവാനോ  കയറ്റുവാനോ നിർത്താതെയാണ‌് ബസ‌് ആശുപത്രിയിലെത്തിയത‌്.  കുട്ടി അപകടനില തരണം ചെയ്‌തു. ബസ്‌ ഡ്രൈവർ രതീഷ് മാണിക്കും കണ്ടക്ടർ ടി വി ഉമേഷിനും ക്ലീനർ ടി വി പ്രമോദിനും സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ‌്.