ആധുനിക സജ്ജീകരണങ്ങളോടെ കാഞ്ഞിരങ്ങാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഉൽഘാടനം ഇന്ന്.

തളിപ്പറമ്പ് : മോട്ടോർവാഹന വകുപ്പിന്റെ കാഞ്ഞിരങ്ങാട്ടെ കംപ്യൂട്ടർ നിയന്ത്രിത ഡ്രൈവിങ്‌ ടെസ്റ്റ് സ്‌റ്റേഷനും വാഹന പരിശോധനാ കേന്ദ്രവും വെള്ളിയാഴ്ച ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമർപ്പിക്കും. 
   ഹെവി വാഹനങ്ങളും ഓട്ടോറിക്ഷയുമടക്കം അതിസൂക്ഷ്‌മ പരിശോധന നടത്തി ഫിറ്റ്‌നസ്  സർട്ടിഫിക്കറ്റ് നൽകാൻ ശേഷിയുള്ള  നൂതനമായ വാഹനപരിശോധനാ കേന്ദ്രവും ഡ്രൈവിങ്‌  ടെസ്റ്റ് സ്‌റ്റേഷനും 4.5 കോടി രൂപ ചെലവിലാണ്  കാഞ്ഞിരങ്ങാട്ടെ 1.74 ഏക്കർ സ്ഥലത്ത്‌  
 ഒരുക്കിയത്. ജർമനിയിൽനിന്ന്‌ ഇറക്കുമതിചെയ്ത ഇന്റഗ്രേറ്റഡ് ടെക്‌നോളജി സംവിധാനങ്ങളിലും പൂർണമായി എയർകണ്ടീഷൻ ചെയ്ത  സജ്ജീകരണങ്ങളിലുമാണ് കേന്ദ്രം പ്രവർത്തിക്കുക. ഇവ പ്രവർത്തന സജ്ജമാകുന്നതോടെ ഡ്രൈവിങ്‌, -വാഹന പരിശോധനകൾ  കുറ്റമറ്റ രീതിയിലാകും.
    എടപ്പാൾ ഇന്റർനാഷണൽ ലൈസൻസ് ടെസ്‌റ്റിങ്‌ ഗ്രൗണ്ടിലേക്കുള്ള പ്രാഥമിക പരീക്ഷകൾ നടത്താനും കാഞ്ഞിരങ്ങാട്ട് സംവിധാനം ഒരുക്കിയിട്ടുണ്ട്.  പ്രതിദിനം 120 പേരുടെ ഡ്രൈവിങ്‌ ടെസ്റ്റ് നടത്താനാകും. 
      വിശ്രമമുറി, ശുചിമുറികൾ, കഫ്റ്റീരിയ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം തുടങ്ങുന്നതോടെ ലേണിങ്‌ ടെസ്റ്റ്, ലൈസൻസ് നൽകൽ എന്നി വിഭാഗങ്ങൾ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിൽനിന്ന്‌ കാഞ്ഞിരങ്ങാട്ടേക്ക് മാറും. ഊരാളുങ്കൽ ടെക്‌നോളജി സൊലൂഷൻസാണ് റെക്കോഡ്‌ വേഗത്തിൽ ഇതിന്റെ പണി  പൂർത്തിയാക്കിയത്‌.