കൊറോണ ; പിഎസ്‍സി പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റി : ഇന്റര്‍വ്യൂകള്‍ നടക്കും.


തിരുവനന്തപുരം :  കോവിഡിന്റെ പശ്ചാത്തലത്തിൽ പിഎസ്‍സി പരീക്ഷകള്‍ മാറ്റി. മാര്‍ച്ച് 20 വരെയുള്ള എല്ലാ പിഎസ്‍സി പരീക്ഷകളും മാറ്റിവച്ചു.സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കമാണ് പിഎസ്‍സി മാറ്റിവച്ചത്. എന്നാൽ, ഇന്റര്‍വ്യൂകള്‍ നേരത്തേ നിശ്ചയിച്ച തീയതികളില്‍ നടക്കുമെന്നും പിഎസ്​സി അറിയിച്ചു.

ഇറ്റലിയില്‍ നിന്നുവന്ന റാന്നിക്കാരുടെ മകള്‍ക്കും മരുമകനും മാതാപിതാക്കള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലുപേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റ് രണ്ടുപേര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ്. സംസ്ഥാനത്ത് ആകെ 12 പേരില്‍ കോവിഡ്–19 വൈറസ് സ്ഥിരീകരിച്ചു.

എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഈമാസം മുഴുവന്‍ അവധി പ്രഖ്യാപിച്ചു. അംഗനവാടി, മദ്രസ, പാരലല്‍ കോളജുകളും തുറക്കരുത്. ഏഴാംക്ലാസ് വരെ വാര്‍ഷികപരീക്ഷകള്‍ ഒഴിവാക്കി. ഹൈസ്കൂള്‍, SSLC, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാത്രം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മാസം 31 വരെ സിനിമ, നാടകം കാണല്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ഉല്‍വസങ്ങളും പെരുന്നാളുകളും ആള്‍ക്കൂട്ടം ഒഴിവാക്കി നടത്തണം. ശബരിമല ഉള്‍പ്പെടെ ആരാധനാലയങ്ങളില്‍  ചടങ്ങുകള്‍ മാത്രം നടത്താം. വിവാഹച്ചടങ്ങുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിർദേശിച്ചു.