സൂര്യസാമി ; കണ്ണീരുപ്പു കൊണ്ട് ജീവിതം നട്ടു നനച്ചവന്റെ പുഞ്ചിരിയുടെ പേര് - മസ്‌ ഹർഷ എഴുതുന്നു.


(മസ്‌ ഹർഷ എഴുതുന്നു Masharsha I)

കോട്ടയം തിരുവാതുക്കൽ ഉള്ള ഒരു ട്യൂട്ടോറിയൽ കോളേജിലെ അധ്യാപിക ആ നാട്ടിലെ സ്വര്ണപ്പണിക്കാരനുമായി പത്ത് മുപ്പത് വർഷം മുന്നേ പ്രണയത്തിലായി . നീണ്ട പ്രണയത്തിനൊടുവിൽ അവർ വിവാഹം കഴിച്ചു . വീട്ടിലും ബന്ധുക്കളുടെ ഇടയിലും എതിർപ്പായിരുന്നു . അവരുടെ ദാമ്പത്യം വലിയ അല്ലലില്ലാതെ പോകവെ ഒരു നാൾ ആ സ്ത്രീക്ക് മനോനില തെറ്റി . അവർ അക്രമാസക്തയായി . അതോടെ വരദൻ എന്നു പേരായ സ്വര്ണപ്പണിക്കാരൻ അവരെ ഉപേക്ഷിച്ച് പോയി . അവർക്ക് രണ്ടു കുട്ടികൾ അതിൽ മൂത്തവന്റെ പേര് സൂര്യസാമി . അവനു ഇളയത് ഒരു പെങ്കുട്ടി . വീട്ടിൽ വിശപ്പൊടുങ്ങാതെ ആയപ്പോൾ അവൻ റോഡിലേക്കിറങ്ങി . ഭിക്ഷയെടുത്തു . കിട്ടിയ നാണയ തുട്ടുകൾ വച്ചൊരു കുടുംബം അവൻ പുലർത്തി . ഒപ്പം സ്‌കൂളിൽ പോവുകയും ചെയ്യും . ബസ്റ്റാണ്ടുകളിൽ ഭിക്ഷയെടുത്തും പിന്നെ ഹോട്ടലുകളിൽ വെള്ളം കോരിയും നടക്കുന്ന സഹപാഠിയോട് തന്ത നയ്ച്ചു കൊണ്ടു വന്നു തിന്ന് എല്ലിന്റിടയിൽ കേറിയ മറ്റു കുട്ടികൾ മിണ്ടില്ലായിരുന്നു . വിശന്ന് വയറൊട്ടി ബെഞ്ചിൽ തളർന്നു കിടക്കുമ്പോഴും അവനെ ആരും തിരിഞ്ഞു നോക്കിയില്ല . ആരും പരിഗണിക്കാനില്ലാതെ അവന്റെ ജീവിതം തീർത്തും അന്തര്മുഖത്വം ഉള്ളതായി . എങ്കിലും അവൻ പഠിച്ചു . ഒഴിവ് വേളകളിൽ ആവേശം ചോരാതെ ക്ളാസിന്റെ മൂലയിൽ ഇരുന്ന് ഉറക്കെ പാഠങ്ങൾ ആവർത്തിച്ച് വായിച്ചു പഠിച്ചു . തെരുവ് വിളക്കിന്റെ ചുവട്ടിലിരുന്നു പഠിക്കുന്ന സൂര്യസാമി അക്കാലത്ത് പത്രങ്ങളിൽ വാർത്തയായി .അതിന് കാരണം കോട്ടയം ബസ്റ്റാന്റിൽ പത്രക്കട നടത്തിയിരുന്ന ഒരാൾ ഒരു പത്രക്കാരന് അവനെ ചൂണ്ടി കാണിച്ചത് കൊണ്ടാണ് . മനോനില തെറ്റിയ അമ്മയുടെ അടുത്ത് ഏല്പിച്ചിട്ട് പോരാൻ പേടി കാരണം അവൻ അവന്റെ അനുജത്തിയെ കൂട്ടിയാണ് ജോലിക്ക് വന്നിരുന്നത് . പത്രങ്ങളിൽ വാർത്ത വന്നതോടെ ചിലർ സഹായ ഹസ്തം നീട്ടി . അമ്മയെയും സഹോദരിയെയും വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി . അവൻ അതിടയിൽ പ്ളസ്റ്റൂ പാസായി . അവനെ കുറിച്ച് വന്ന പത്ര വാർത്തയുടെ കട്ടിങ്ങുമായി അവൻ മാർ ബസേലിയസ് കോളേജിലെ പ്രിൻസിപ്പാളിന്റെ അടുത്ത് ചെന്നു . അദ്ദേഹം അവനെ അവിടെ ബികോം ചേരാൻ അനുവദിച്ചു . 2011 ൽ ബികോം അവൻ ഫസ്റ്റ് ക്ലാസിൽ പാസായി . കോളേജ് അവനെ അവിടെ തന്നെ എംകോം തുടരാൻ അനുവദിച്ചു . അതിനിടയിൽ അവൻ ഹോട്ടലിൽ പണി മുതൽ ട്യൂഷൻ മാഷ് ആയി വരെ പണിയെടുത്തു ..താമസിക്കുന്ന വീടിന്റെ കതക് എല്ലാം ദ്രവിച്ച് അടച്ചുറപ്പില്ലാതായത് കൊണ്ട് കിട്ടുന്ന പണം അവൻ ബാങ്കിൽ ഇട്ടു. ഒറ്റ സ്വപ്നം . അമ്മയെയും സഹോദരിയെയും കൂടെ താമസിപ്പിക്കണം . എംകോം പഠിച്ചിറങ്ങി എങ്കിലും വരുമാനം ഉള്ള ഒരു ജോലി സ്വപ്നമായി . ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിലും കടകളിലും കണക്കെഴുത്ത് ജോലിക്ക് പോകുമെങ്കിലും കിട്ടുന്നത് തുച്ഛമായ വരുമാനം ആയിരുന്നു . തീർത്തും പ്രതികൂല സാഹചര്യത്തിൽ അധികം പൊരുതാൻ ആവാതെ അവൻ തളർന്നു തുടങ്ങിയിരുന്നു അപ്പോഴേക്കും . അവനും മാനസിക പ്രശ്നങ്ങൾ അലട്ടി തുടങ്ങി . നാട്ടുകാർ അവനെതിരെ പരാതി കൊടുത്തു . അതോടെ അവൻ കൂടുതൽ ഭയന്നൊതുങ്ങി . നാട്ടുകാർ അവനെ വട്ടൻ എന്നാർത്തു വിളിച്ചു . അവരെ അവൻ തെറി വിളിച്ചു ആളുകൾക്ക് കൂടുതൽ ആവേശമായി . തദ്ദേശ ഓട്ടോ ഡ്രൈവർമാർ കേരളത്തിലെ എല്ലാ ഓട്ടോക്കാരെയും പോലെ അവനെ പരിഹസിക്കുന്നതിൽ മുന്നിൽ നിന്നു . അവനു ജോലികളിൽ ശ്രദ്ധിക്കാൻ കഴിയാതെയായി . അവൻ ഇപ്പൊ ഇത്ര വിദ്യാഭ്യാസം നേടിയിട്ടും ആരും ചോദിക്കാനും പറയാനും ഇല്ലാത്തത് കൊണ്ടാവും അർഹതപ്പെട്ട ജോലിയൊന്നും കിട്ടാതെ നഗരത്തിലെ മൊബൈൽ കടകളിലെ ചപ്പും ചവറും അടിക്കുന്ന ജോലിയാണ് . പിന്നെ വീട്ടു ജോലികൾക്കും പോകും .
ഈ വാർത്ത കഴിഞ്ഞ മാതൃഭൂമി വാരാന്തപ്പത്തിപ്പിൽ വന്നു . വായിച്ചിട്ട് കണ്ണു നിറഞ്ഞു കുറെ ഞാനിരുന്നു കരഞ്ഞു . ഇപ്പോഴും എഴുതുമ്പോഴും കണ്ണ് നിറയുന്നുണ്ട് . പക്ഷെ ഇപ്പൊ ആ കണ്ണീരിന് ഒരു മധുരമുണ്ട് . വാർത്ത കണ്ണിൽ പെട്ട മുഖ്യമന്ത്രിയുടെ ആഫീസ് കഴിഞ്ഞ തിങ്കളാഴ്ച തന്നെ വിഷയത്തിൽ ഇടപെട്ടു . അവനു വേണ്ട കൗണ്സിലിംഗ് നൽകാൻ ഏർപ്പാടാക്കി ആദ്യം . പിന്നെ അവനൊരു വീട് തരമാക്കാൻ ഉള്ള ഏർപ്പാട് ചെയ്തു .റേഷൻ കാർഡില്ലാത്ത അവനു BPL റേഷൻകാർഡ് നൽകി . മുൻഗണനാ സ്വഭാവത്തിൽ ഉള്ള റേഷൻകാർഡ് .ആ ഒറ്റമുറി വീട്ടിൽ വൈദ്യുതി എത്തി . അമ്മയുടെ തുടർ ചികിത്സക്കുള്ള ഏർപ്പാട് ആക്കി . ഇന്ന് മറ്റൊരു വാർത്ത കൂടിയുണ്ട് . അവന്റെ വാർത്ത വായിച്ചതിൻ ശേഷം ഞാനവന്റെ വാർത്തകൾ ഒന്നും വിടാതെ പിന്തുടർന്നിരുന്നു . അങ്ങനെയാണ് ഇത് അറിഞ്ഞത് . അവനു കോട്ടയം മെഡിക്കൽ കോളേജിൽ അക്കൗണ്ടന്റ് ആയി ജോലി തരായി . 20,000 രൂപ ആണ് തുടക്കം . നാളെ മുതൽ സൂര്യ സ്വാമി ജോലിക്ക് പോയി തുടങ്ങും അവനു വീടാകുന്നു . കുടുംബം തിരികെ അവനിലേക്ക് വരുന്നു . പരിഹസിച്ചവർക്ക് മുന്നിൽ അവൻ ഇനി തല ഉയർത്തി നടക്കും . ഒരു ഭരണാധികാരി അദ്ദേഹത്തിന്റെ നാട്ടിലെ ഏറ്റവും സാധാരണക്കാരന്റെ ജീവിതത്തിൽ ഇടപെടുന്ന വിധം ഇങ്ങനെയൊക്കെയല്ലേ . പൊതുജനം മനസിലാക്കേണ്ടത് നിങ്ങളെക്കാൾ താഴെ ഉള്ളവനോട് കരുണയോടെ നോക്കുക എന്നത് മനുഷ്യർക്ക് മാത്രം സാധ്യമാവുന്ന ഗുണമാണ് . നിങ്ങളത് കൈമോശം വരുത്തിയിട്ടു പിന്നെ എത്ര അത്തർ പൂശിയിട്ടും കാര്യമില്ല . ഹൃദയം നാറിയാൽ അത് മായ്ക്കാൻ എത്ര സുഗന്ധലേപനം നൽകിയാലും കാര്യമില്ല
നമ്മൾ പത്രക്കാരെ തെറി പറയുന്നതിൽ മുന്നിലാണ് . അവരാണ് ഈ നാട് നശിപ്പിക്കുന്നത് എന്നു നമ്മൾ പറയാറുണ്ട് . അവരെ വിമര്ശിക്കുന്നതിൽ തെറി വിളിക്കുന്നതിൽ എനിക്ക് ചിലപ്പോ ഓര്ഗാസം പോലും ഉണ്ടാവാറുണ്ട് . പക്ഷെ അവർ മൂലം ജീവിതത്തിൽ പൊന്തിരി തെളിഞ്ഞ എത്രയോ മനുഷ്യരുടെ ജീവിതം കൂടി നമ്മൾ ഓർക്കണം . ഒരു കാലി ചായ പോലും പ്രതിഫലം ആഗ്രഹിക്കാതെ ഈയൊരു വാർത്ത ഒരു കുടുംബത്തിന്റെ ജീവിതം കരക്കടിഞ്ഞു . ഈ പത്രക്കാരൻ ഒരു നന്ദിവാക്ക് പോലും കേൾക്കാൻ നിന്നിട്ടുണ്ടാവില്ല . അയാൾ ഇപ്പൊ അടുത്ത ഇത്തരം ഒരു കരച്ചിലിന്റെ പിന്നാലെ പായുന്നുണ്ടാവും . പേരോർമായില്ലാത്ത ആ പത്രക്കാരനെ ഞാനൊന്ന് ചേർത്ത് അണക്കുകയാണ് . നന്ദി സഹോദരാ .
എഡിറ്റഡ് : ഹരികൃഷ്ണൻ എന്നാണ് ആ പത്രക്കാരന്റെ പേര് ….. നന്ദി ഹരികൃഷ്ണൻ ..ഇത്രമേൽ ഹൃദ്യമായ ഒരു വാർത്ത മനുഷ്യരിലേക്ക് എത്തിച്ചതിന് മാത്രല്ല സൂര്യ സാമിയുടെ തലക്ക് മുകളിൽ തെളിയുന്ന വൈദ്യുതി വെളിച്ചത്തേക്കാൾ ആയിരം മടങ്ങ് വെളിച്ചം അവന്റെ ജീവിതത്തിൽ കൊളുത്തി വച്ചതിനും .