കോവിഡ്‌-19; ഗള്‍ഫിലെ ആദ്യ മരണം ബഹ്‌റൈനില്‍ | Malayoram News | First CoViD-19 Death in Gulf


മനാമ : ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്‌തു. 65കാരിയായ സ്വദേശിനിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ ആരോഗ്യനില കഴിഞ്ഞ ദിവസങ്ങളില്‍ മോശമായിരുന്നു.

ഇവര്‍ക്ക് വിട്ടുമാറാത്ത അസുഖമുണ്ടായിരുന്നു. ഇറാനില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയേല്‍ക്കുന്നത്. കണക്ഷന്‍ വിമാനത്തില്‍ ബഹ്റൈന്‍ വിമാനതാവളത്തിലെത്തിയ ഇവരെ അപ്പോള്‍ തന്നെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

ബഹ്റൈനിലെയും ജിസിസിയിലെയും ആദ്യ കോവിഡ്-19 മരണമാണിത്. നിലവില്‍ ചികിത്സയിലുള്ള കൊറോണ രോഗികളില്‍ ഒരാള്‍ ഒഴികെ ആരുടെയും ആരോഗ്യനിലയില്‍ ആശങ്കകളില്ലെന്ന് മന്ത്രാലയം അറിയിച്ചു.

നേരത്തെ ബഹ്റൈനിലെത്തിയ രോഗബാധിതരും പ്രത്യേക വിമാനത്തില്‍ ഇറാനില്‍നിന്നെത്തിയവരും ഉള്‍പ്പെടെ 137 പേരാണ് ബഹ്റൈനിലെ കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. വൈറസ് ബാധയേറ്റ 17 പേര്‍ കൂടി രോഗം ദേമായി ആശുപത്രി വിട്ടിരുന്നു.

വിമാനങ്ങള്‍ കുറയ്‌‌ക്കും; ഓണ്‍ അറൈവല്‍ നിര്‍ത്തിവെയ്‌‌ക്കും

കോവിഡ്-19നെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ബഹ്റൈനിലേക്കുള്ള വിമാനങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് (സിഎഎ) അറിയിച്ചു. ഓണ്‍ അറൈവല്‍ വിസയും നിര്‍ത്തിവെക്കുമെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്റ് റസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്‍.) അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ പുതിയ തീരുമാനങ്ങള്‍ നിലവില്‍ വരും.

എല്ലാ പ്രവേശന കവാടങ്ങളിലും വിസ ഓണ്‍ അറൈവല്‍ നിര്‍ത്തലാക്കാനാണ് എന്‍പിആര്‍എ ന്റെ തീരുമാനം. പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.

സൗദിയും കുവൈത്തും അന്താരാഷട്ര വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഖത്തര്‍ 18 മുതല്‍ രാജ്യത്തേക്കുള്ള വിമാന സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒമാന്‍ ചൊവ്വാഴ്ച മുതല്‍ വിദേശികള്‍ക്ക് രാജ്യത്തേക്കു വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് വിമാനങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ബഹ്റൈന്‍ തീരുമാനിച്ചത്.