ഇന്ത്യയിൽ രണ്ടാമത്തെ കൊറോണ മരണം; ഡൽഹിയിൽ 69 കാരി മരിച്ചു | Second Death Caused By Corona Virus In India


ന്യൂഡൽഹി : കോവിഡ്‌ 19 ബാധിച്ച്‌  രാജ്യത്ത്‌ ഒരാൾ കൂടി മരിച്ചു. ഡൽഹിയിൽ ചികിത്സയിലുണ്ടായിരുന്ന 69കാരിയാണ്‌ മരിച്ചത്‌. ഡൽഹി ജനക്‌പുരി സ്വദേശിനിയാണ്‌. കോവിഡ്‌ 19 സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ വെള്ളിയാഴ്‌ച രാത്രിയാണ്‌ മരിച്ചത്‌. ഇവരുടെ മകനും രോഗബാധിതനായി ചികിത്സയിലാണ്‌.ഇറ്റലിയിൽ നിന്നെത്തിയ ഈ മകനിൽനിന്നാണ്‌ ഇവർക്ക്‌ രോഗം പടർന്നത്‌.

കഴിഞ്ഞ ദിവസം കർണാടകയിൽ  കോവിഡ്‌ 19  ബാധിച്ച്‌ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്തെ കോവിഡ്‌ 19 മരണസംഖ്യ രണ്ടായി.  കോവിഡ്‌  സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി.

67 ഇന്ത്യക്കാരും 16 ഇറ്റലിക്കാരും ഒരു ക്യാനഡക്കാരനുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഡൽഹി സഫ്‌ദർജങ്‌ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഏഴുപേർക്ക്‌ രോഗം ഭേദമായി. കേരളത്തിലെ മൂന്നുപേർ ഉൾപ്പെടെ രോഗം ഭേദമായവരുടെ എണ്ണം പത്തായി. രോഗബാധിതരുമായി ബന്ധമുള്ള 4000 പേരെ  നിരീക്ഷണത്തിലാക്കി.  കർണാടകത്തിലെ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും  മന്ത്രാലയം അറിയിച്ചു.

ഇറ്റലി, ഫ്രാൻസ്‌, ജർമനി, സ്‌പെയിൻ, ഇസ്രയേൽ, ദക്ഷിണകൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ഏപ്രിൽ 30വരെ റദ്ദാക്കി.