കൊറോണയെ തുരത്താൻ എറണാകുളം മെഡിക്കൽ കോളേജിൽ വുഹാൻ മോഡൽ; ഇന്ത്യയിൽ ആദ്യം | HIV Medicines Used For CoViD-19 For Better Effect.

കൊച്ചി : കോവിഡ് 19 ചികിത്സയിൽ വേഗത്തിലുള്ള രോഗവിമുക്തിക്ക്‌ പ്രതീക്ഷ നൽകി എറണാകുളം സർക്കാർ മെഡിക്കൽ കോളേജ്. എച്ച്ഐവി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിതോനവിർ (Ritonavir), ലോപിനവിർ (lopinavir) എന്നീ മരുന്നുകൾ കോവിഡ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ.

കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസലേഷൻ ഐസിയുവിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് ബുധനാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് മരുന്ന് നൽകിത്തുടങ്ങിയത്. ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിയ്ക്ക് ഈ മരുന്നുകൾ നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. തുടർന്ന് ജില്ലാ കലക്‌ടർ എസ് സുഹാസ് മുൻകയ്യെടുത്ത് മരുന്ന് ലഭ്യമാക്കി. രോഗിയുടെ അനുമതിയും ലഭിച്ചു. തുടർന്ന് ചികിത്സയുടെ പ്രോട്ടോക്കോൾ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്‌ക‌രിക്കുകയായിരുന്നു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചികിത്സ. ഡോ. ഫത്താഹുദ്ദീൻ, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹൻ, ഡോ.ഗീത നായർ എന്നിവരാണ് ചികിത്സാ സംഘത്തിലുള്ളത്.

ഇന്ത്യയിൽ ഇതാദ്യമായാണ് റിതോനവിർ (Ritonavir), ലോപിനവിർ (lopinavir) എന്നിവ കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്നതെന്ന് ഡോക്‌ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനിൽ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നൽകുന്നതെന്നും അവർ വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കൽ കോളേജിലുണ്ട്. ഇവരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവാണ്.