ശക്തമായ മുന്നൊരുക്കവുമായി കെഎസ്‌ഇബി ; വൈദ്യുതി മുടങ്ങില്ല | KSEB Take More Responsibility About Power Failure


തിരുവനന്തപുരം : കോവിഡ്‌ കാലത്ത്‌ വൈദ്യുതി മുടങ്ങാതിരിക്കാൻ മുന്നൊരുക്കങ്ങളുമായി കെഎസ്‌ഇബി. അടിയന്തര സാഹചര്യമുണ്ടായാൽ ഉൽപ്പാദന, പ്രസരണ മേഖലയിൽ വിരമിച്ച ജീവനക്കാരുടെ സേവനമടക്കം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. തിങ്കളാഴ്‌ച ചെയർമാന്റെ നേതൃത്വത്തിൽ യോഗം ചേർന്ന്‌ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കും.

ഏതുസാഹചര്യത്തിലും  വൈദ്യുതി ഉൽപ്പാദനം, പ്രസരണം, വിതരണം എന്നിവ മുടങ്ങരുതെന്നാണ്‌ തീരുമാനം. ഇതിനായി ആവശ്യമെങ്കിൽ അടുത്തിടെ വിരമിച്ച ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും. പരിചയസമ്പന്നരായ കരാർ തൊഴിലാളികളേയും നിയോഗിക്കും. അതത്‌ പ്രദേശത്ത്‌ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ  ആവശ്യമായ പ്രത്യേക സംവിധാനങ്ങൾ, നടപടികൾ എന്നിവ  സ്വീകരിക്കാൻ ഓഫീസർമാർ ഔദ്യോഗിക ഉത്തരവിനായി കാക്കേണ്ടതില്ല. കോവിഡ്‌ സംശയിക്കുന്നവരുടെ വീടുകളിലും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടരിക്കുന്ന ആശുപത്രിയടക്കമുള്ള സ്ഥാപനങ്ങളിലും പൂർണസമയ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കും.

വൈദ്യുതി നിലയങ്ങളിലും ഗ്രിഡ്‌ സബ്‌സ്‌റ്റേഷനുകളിലും അടിയന്തര സ്വഭാവമുള്ള പ്രവൃത്തികൾമാത്രം നിർവഹിച്ചാൽ മതിയെന്ന്‌ നിർദേശിച്ചു. മറ്റുജോലികൾ മാറ്റിവച്ചു. ഓപ്പറേഷൻ, മെയിന്റനൻസ്‌ ജീവനക്കാർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി നിലയങ്ങളിൽ തുടരണം.ഡെപ്പോസിറ്റ്‌ വർക്ക്‌, മീറ്റർ മാറ്റി സ്ഥാപിക്കൽ, പരിശോധനകൾ മാറ്റിവച്ചു.
 

വൈദ്യുതി മുടങ്ങില്ല
വൈദ്യുതി ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. വേനൽക്കാല വൈദ്യുതി ഉപഭോഗം മുന്നിൽ കണ്ട് സ്വീകരിച്ച നടപടികളാണ് സഹായകരമാകുന്നത്.
1350 മെഗാവാട്ട് കേന്ദ്ര വൈദ്യുത നിലയങ്ങളിൽനിന്ന് ഇപ്പോൾ ലഭിക്കുന്നുണ്ട്. സ്വകാര്യ വൈദ്യുതി നിലയങ്ങളിൽനിന്ന് 1000 മെഗാവാട്ടും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 200 മെഗാവാട്ട് വീതം എത്തിക്കാൻ നടപടി സ്വീകരിച്ചു.  ഏപ്രിൽ, മെയ് മാസങ്ങളിലേക്ക് യഥാക്രമം 150, 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കരാറായി. ഇടുക്കി നിലയത്തിലെ രണ്ട് യൂണിറ്റുകളിൽ തകരാർ നിമിത്തം ഉണ്ടായ കമ്മി നികത്താനും നടപടിയായി. മാർച്ചിൽ 150 മെഗാവാട്ട് ബാങ്കിങ് വഴി ലഭ്യമാക്കി. നിലവിൽ 1400 മെഗാവാട്ട് സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളിൽ നിലവിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ആവശ്യംവന്നാൽ പവർ എക്സ്ചേഞ്ച് വഴിയും വൈദ്യുതി വാങ്ങും.