അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഇന്ന് (12 ഏപ്രിൽ 2020) കാണാം, കേരളത്തിൽ നിന്ന്

ഇന്ന് (12 ഏപ്രിൽ 2020) വൈകീട്ട് 7.22 -ന്  വടക്കുപടിഞ്ഞാറേ ചക്രവാളത്തില്‍നിന്ന് അല്പം ഉയരെ വച്ചേ നിലയം കണ്ടുതുടങ്ങും. 80ഡിഗ്രിവരെ ഉയര്‍ന്ന് തെക്കുകിഴക്കായി 21ഡിഗ്രി ഉയരത്തില്‍ അസ്തമിക്കും. 80ഡിഗ്രിവരെ ഉയരത്തില്‍ നിലയം കാണുക എന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 5 മിനിറ്റ് നേരത്തോളം ഇന്ന് ബഹിരാകാശനിലയം ആകാശത്ത് കാണാന്‍ കഴിയും.

അന്താരാഷ്ട്ര ബഹിരാകാശ നിലയം

താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നയതും മനുഷ്യർക്ക് താമസിക്കാനാവുന്നതും ആയ ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ആംഗലേയം: International space station or ISS). 1998-ൽ ആണ് ഈ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ബഹിരാകാശത്തിലെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെത്തന്നെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വിവിധ ഭാഗങ്ങൾ സംയോജിപ്പിച്ചത് .ഭൂഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഏറ്റവും വലിപ്പം കൂടിയ കൃത്രിമ വസ്തുവാണിത്. റഷ്യയുടെ പ്രോട്ടോൺ,സോയുസ് റോക്കറ്റുകളും അമേരിക്കയുടെ സ്പൈസ് ഷട്ടിലുകളും ചേർന്നാണ് ഇതിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചത് ഭൂമിയിൽനിന്നും നഗ്നനേത്രങ്ങൾക്കോണ്ട് കാണാവുന്ന ഈ നിലയം 330 കിലോമീറ്ററിനും 435കിലോമീറ്ററിനും ഇടയിൽ (205 മൈലിനും 270 മൈലിനും) ഉയരത്തിലായുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്. സെക്കന്റിൽ ശരാശരി 7.66കിലോമീറ്റർ (27,600 km/h; 17,100 mph) വേഗതയിൽ സഞ്ചരിച്ച് 92.69 മിനുട്ട് കൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റിവരുന്നു. ഒരു ദിവസം 15.54 തവണ ഭൂമിയെ വലം വെക്കുന്നു. ഏകദേശം 419,455 കിലോഗ്രാം (924,740 lb) ഭാരമുള്ള നിലയത്തിന്റെ നീളം72.8മീറ്ററും (239അടി) വീതി 108.5മീറ്ററും (356 അടി) താമസയോഗ്യമായ സ്ഥലത്തിന്റെ വ്യാപ്തി 935 ഘനമീറ്ററുമാണ്.