ഇന്ന് 19 പേര്‍ക്ക് കൊറോണ: 16 പേര്‍ രോഗമുക്തരായെന്ന് മുഖ്യമന്ത്രി പിണറായി; കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍, ലോക്ഡൗണ്‍ കര്‍ശനമാക്കും; ജാഗ്രത തുടരണം, രോഗവ്യാപനം പ്രവചനാതീതംബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതില്‍ 10 പേരും കണ്ണൂരിലാണ്. പാലക്കാട് നാല് പേര്‍ക്കും കാസര്‍ഗോഡ് മൂന്ന് പേര്‍ക്കും മലപ്പുറം, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

16 പേര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍ ഏഴ്, കാസര്‍ഗോഡ്, കോഴിക്കോട് നാല്, തിരുവനന്തപുരം മൂന്നു എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്. ആശുപത്രി നിരീക്ഷണത്തിലുള്ളത് 332 പേരാണ്. ഇന്ന് മാത്രം 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂരിലെ രോഗബാധിതരായ 9 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധ. ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ല കണ്ണൂരാണ്. 104. ഒരു വീട്ടില്‍ പത്തു പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം വന്നു. സ്ഥിതി ഗൗരവമായി തന്നെ കാണണം. രോഗവ്യാപനം പ്രവചനാതീതമാണ്. കണ്ണൂരില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന ഉണ്ടാകും. ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ പൂര്‍ണ്ണമായും സീല്‍ ചെയ്യും. കണ്ണൂരില്‍ ഇന്ന് കുറേ പേര്‍ റോഡിലിറങ്ങി. കണ്ണൂര്‍ മെയ് മൂന്നു വരെ റെഡ് സോണിലായിരിക്കുമെന്നും ജനം ഇത് മനസിലാക്കി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഒരോരുത്തര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണെന്നും അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പത്തനംതിട്ടയിലെ ആദ്യ കൊവിഡ് 19 കേസില്‍പെട്ട 62 കാരി ഇപ്പോഴും പോസിറ്റീവായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യതി ഫിക്‌സഡ് ചാര്‍ജ് ആറു മാസത്തേക്ക് മാറ്റി വയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസത്തെ ചാര്‍ജ്ജാണ് മാറ്റി വയ്ക്കുന്നത്. കേന്ദ്ര വൈദ്യുതിനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ ചാര്‍ജ്ജ് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ് മാസത്തെ റേഷന്‍ വിതരണത്തിനുള്ള അരിയും ഗോതമ്പും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ക്കുള്ള വിതരണം ഇന്നലെ ആരംഭിച്ചു, ഏപ്രില്‍ 26ന് പൂര്‍ത്തിയാക്കും. ഏപ്രില്‍ 27 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ കിറ്റ് വിതരണം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ട് സ്‌പോട്ടുകളായ സ്ഥലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കിറ്റുകള്‍ വീടുകളിലെത്തിക്കും. അതിഥി തൊഴിലാളികള്‍ക്കും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗണില്‍ രാവും പകലും വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന സിവില്‍ സപ്ലെയിസ് ജീവനക്കാരും റേഷന്‍കടകളിലെ ജീവനക്കാരും കുടുംബശ്രീ, കയറ്റിറക്ക് തൊഴിലാളികള്‍ അടക്കം സന്നദ്ധപ്രവര്‍ത്തകരുടെ വരെ സേവനം മികച്ചതാണ്. അവര്‍ക്കെല്ലാം അഭിനന്ദനം അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

റംസാന്‍ വ്രത നാളിലും നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മത നേതാക്കളുമായി ഇക്കാര്യം സംസാരിച്ചെന്നും അവര്‍ ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കൂട്ട പ്രാര്‍ത്ഥനകള്‍, കഞ്ഞി വിതരണം എന്നിവ മാറ്റി വയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.