കണ്ണൂരിന് ആശ്വാസം; നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും കോവിഡ്‌-19 വൈറസ് ബാധിതരുടെ എണ്ണത്തിലും കുറവ്

കണ്ണൂർ : കണ്ണൂരിന് ആശ്വാസമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വൈറസ് ബാധിതരുടെ എണ്ണത്തിലും കുറവ്. 7836 പേരാണ് ഇപ്പോള്‍ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ ഉള്ളത്. കൊവിഡ് സ്ഥിരീകരിച്ച 72 പേരില്‍ 29 പേര്‍ രോഗം ബേധമായി ആശുപത്രി വിട്ടു.

കാസറഗോഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കണ്ണൂര്‍. 72 പേര്‍ക്കാണ് ഇതുവരെ കണ്ണൂരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച ഒരാള്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയത് എന്നതാണ് ജില്ലയ്ക്ക് ആശ്വാസം പകരുന്നത്.

ദുബായില്‍ നിന്നും എത്തിയ മൂര്യാട് സ്വദേശിയായ 41 കാരണാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7836 ആയി കുറഞ്ഞു. 102 പേര്‍ മാത്രമാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഒരാഴ്ച മുന്‍പ് ആശുപത്രികളിലും വീടുകളിലുമായി 10895 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്.

ഇതുവരെ 1189 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 902 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 824 എണ്ണം നെഗറ്റീവാണ്. 287 എണ്ണത്തിന്റെ ഫലമാണ് ഇനി ലഭിക്കാനുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബേധമായി ആശുപത്രി വിട്ടതും കണ്ണൂര്‍ ജില്ലയില്‍ നിന്നാണ്.