രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 875 പേര്‍ക്ക്; രോഗബാധിതര്‍ 7600; മരണം 200 കടന്നു.


രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 875 പേര്‍ക്ക്; രോഗബാധിതര്‍ 7600; മരണം 200 കടന്നു

ദില്ലി : രാജ്യവ്യാപക അടച്ചിടൽ 18-ാം ദിവസത്തിലേക്ക്‌ കടക്കുമ്പോൾ രോഗവ്യാപനത്തിൽ റെക്കോഡ്‌ കുതിപ്പ്‌. 24 മണിക്കൂറിനിടെ 896 പേർക്ക്‌ രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 37 പേർ മരിച്ചു.

ഒറ്റ ദിവസം ഇത്രയധികം രോഗികൾ ഇതാദ്യം. ഔദ്യോഗിക കണക്ക് പ്രകാരം ആകെ രോ​ഗികൾ 6761 ലെത്തി. മരണം 206 ഉം.

എന്നാൽ, സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം രോ​ഗികള്‍ 7516. മരണം 236. വെള്ളിയാഴ്‌ച പതിമൂന്ന്‌ പേർ മരിച്ചു. ഗുജറാത്തിലും ഡൽഹിയിലും മധ്യപ്രദേശിലും രണ്ടുപേർ വീതവും രാജസ്ഥാൻ, അസം, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ്‌ മരിച്ചത്‌.

●മഹാരാഷ്ട്ര, ഡൽഹി, യുപി, മധ്യപ്രദേശ്‌, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾക്ക്‌ പിന്നാലെ രാജസ്ഥാൻ, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം പെരുകി. രോ​ഗികളുടെ എണ്ണത്തിൽ ഗുജറാത്തും കേരളത്തെ മറികടന്നു. ഗുജറാത്തിൽ 19 പേർ മരിച്ചു.

●മഹാരാഷ്ട്രയിൽ രോ​ഗികള്‍ 1625 ലെത്തി. വെള്ളിയാഴ്‌ച 13 പേർ മരിച്ചതോടെ മരണം 108 ആയി. 218 രോ​ഗികളെ കൂടി കണ്ടെത്തിയതോടെ മുംബൈയിൽ രോഗികൾ 993.

● പഞ്ചാബിൽ സമൂഹവ്യാപനത്തിലേക്ക്‌ നീങ്ങിയെന്നും സെപ്‌തംബറോടെ രോ​ഗം പാരമ്യത്തിലെത്തുമെന്നും 58 ശതമാനം ജനങ്ങളെയും ബാധിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ്‌. അടച്ചുപൂട്ടലിൽനിന്ന്‌ കാർഷിക മേഖലയ്‌ക്ക്‌ ഇളവ്‌.

● 15 മുതലുള്ള കോവിഡ്‌ പ്രതിരോധം ഏതുവിധമെന്ന്‌ പ്രഖ്യാപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി 14 ന്‌ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

●വ്യാപനത്തിന്റെ തോത്‌ കുറഞ്ഞുതുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രം നിയന്ത്രണങ്ങളിൽ ചില ഇളവുകൾക്ക്‌ കേന്ദ്രം അനുമതി നൽകിയേക്കുമെന്നാണ്‌ സൂചന. ട്രെയിൻ, വിമാന സർവീസുകളും അന്തർസംസ്ഥാന ബസ്‌ സർവീസുകളും ഉടൻ ആരംഭിക്കില്ല.

●കോവിഡ്‌ വ്യാപനം തടയുന്നതിനും നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി നിയോഗിക്കപ്പെട്ട വകുപ്പുതല ഉന്നത സമിതികളുടെ തലവൻമാരുമായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വെള്ളിയാഴ്‌ച ചർച്ച നടത്തി.

●ആരോഗ്യമന്ത്രി ഹർഷ്‌വർധൻ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കോവിഡ്‌ സ്ഥിതിഗതികൾ ചർച്ചചെയ്‌തു. ബുദ്ധിമുട്ടേറിയ പോരാട്ടമാണ്‌ മുന്നിൽ. നിയന്ത്രിക്കുന്നതിന്‌ മൂന്നാഴ്‌ച വേണ്ടിവരും. എല്ലാവരും മാസ്‌ക്‌ ധരിക്കണമെന്നും ഹർഷ്‌വർധൻ നിർദേശിച്ചു.

●കോവിഡ്‌ പ്രതിരോധത്തിനായി 220 കോടി യുഎസ്‌ ഡോളർ എഡിബി ഇന്ത്യക്ക്‌ വാഗ്‌ദാനം ചെയ്‌തു.