കണ്ണൂരിലെ 3 മുനിസിപ്പാലിറ്റികളിലും 7 പഞ്ചായത്തുകളിലും അടിയന്തര സാഹചര്യത്തിൽ മാത്രമേ ഇനി പുറത്തിറങ്ങാനാവൂ : ജില്ലാ കളക്ടർ ഉത്തരവിറക്കി


കണ്ണൂർ : കൊറോണ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തലശ്ശേരി സബ് ഡിവിഷനിലെ മൂന്ന് മുനിസിപ്പാലിറ്റികളിലും ഏഴ് പഞ്ചായത്തുകളിലുമാണ് കേരള പകര്‍ച്ച വ്യാധി നിയമ പ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ നാലിന് ഇറക്കിയ ഉത്തരവ് പ്രകാരം കൂത്തുപറമ്പ്, തലശ്ശേരി, പാനൂര്‍ മുനിസിപ്പിലാറ്റികളിലും മൊകേരി, ചൊക്ലി, പാട്യം, ചിറ്റാരിപ്പറമ്പ്, കതിരൂര്‍, പന്ന്യന്നൂര്‍, കോട്ടയം മലബാര്‍ പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.
ഇതുപ്രകാരം, അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങളുടെ സഞ്ചാരം ഇവിടങ്ങളില്‍ വിലക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്‍പ്പെടെ മൂന്നിലധികം ആളുകള്‍ കൂടിനില്‍ക്കരുത്, അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ സംവിധാനമൊരുക്കണം, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് പ്രതിദിന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം, പോലിസ് ഉദ്യോഗസ്ഥരും ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തണം, കോവിഡ് 19 ബാധിതര്‍ താമസിച്ച വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ അണുവിമുക്തമാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഇവിടങ്ങളിലെ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള അടിയന്തര സഹായമോ മറ്റോ ആവശ്യമുണ്ടെങ്കില്‍ 9400066063 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നത് കേരള എപ്പിഡെമിക് ഡിസീസ് (കോവിഡ് 19) റെഗുലേഷന്‍സ് 2020ലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഉത്തരവ് വ്യക്തമാക്കി.
കൊറോണയുടെ സാമൂഹ്യവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് കൊറോണ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ ഇതുവരെ 52 കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും അവയെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കായിരുന്നു. എന്നാല്‍ ഇവരിലേറെ പേരും തലശ്ശേരി സബ് ഡിവിഷന്‍ പരിധിയില്‍ പെട്ട സ്ഥലങ്ങളില്‍ നിന്നായതിനാല്‍ സാമൂഹ്യ വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്. നിയന്ത്രണങ്ങളുമായി പ്രദേശങ്ങളിലെ എല്ലാ ജനങ്ങളും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 1102 പ്രൈമറി കോണ്‍ടാക്ടുകളെ ഇതിനകം കണ്ടെത്താനായിട്ടുണ്ട്. 1320 സെക്കന്ററി കോണ്‍ടാക്ടുകളെയും കണ്ടെത്തി. നിസാമുദ്ദീനില്‍ നിന്നെത്തിയവരില്‍ സാമ്പിള്‍ പരിശോധനയ്ക്കു വിധേയരായ 11 പേരുടെയും ഫലം നെഗറ്റീവാണെന്ന് ഡിഎംഒ ഡോ. കെ നാരായണ നായിക് അറിയിച്ചു. ഒരാളുടെ കൂടി സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ജില്ലയില്‍ 71.5 ശതമാനം പൂര്‍ത്തിയായി. ഇതിനകം 4.5 ലക്ഷം പേരാണ് റേഷന്‍ വാങ്ങിയത്. അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ആനുകൂല്യങ്ങളും അവര്‍ക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സൗജന്യ ഭക്ഷണക്കിറ്റിനു പുറമെ മില്‍മ വഴി പാലോ തൈരോ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.