പകുതിയിലേറെ പേർക്ക് രോഗമുക്തി, ദേശീയ ശരാശരിയുടെ 5 ഇരട്ടിയിലേറെ ; നാഴികകല്ല് പിന്നിട്ട് കേരളം


കേരളത്തിന്റെ കോവിഡ് അതിജീവന വേഗത വർധിക്കുകയാണ്. പകുതിയിലേറെ രോഗബാധിതർക്കും വൈറസ് ബാധയിൽ നിന്ന് രക്ഷ നൽകി രോഗമുക്തി നിരക്കിൽ കേരളം 50 ശതമാനം പിന്നിട്ടിരിക്കുന്നു. കേരളത്തിൽ
രണ്ടിൽ ഒരു രോഗി വൈറസ് മുക്തനാകുന്നു.

50 ശതമാനം രോഗമുക്തിയെന്ന സുപ്രധാന നാഴികക്കല്ല് പിന്നിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 378 പോസിറ്റീവ് കേസുകളിൽ 198 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഏപ്രിൽ 9ന് 27 ശതമാനമായിരുന്നു കേരളത്തിന്റെ രോഗമുക്തി നിരക്ക്.

ഏപ്രിൽ 13ന് ഇത് 53 ശതമാനമായി ഉയർന്നു. നാലിൽ ഒരാൾക്ക് രോഗമുക്തി എന്നതിൽ നിന്ന് രണ്ടിൽ ഒരാൾക്ക് രോഗമുക്തിയെന്ന നിലയിലേക്ക് എത്തിയത് വെറും 4 ദിവസങ്ങൾ കൊണ്ട് എന്നതും ഏറെ ശ്രദ്ധേയം. രോഗമുക്തിയുടെ ദേശീയ ശരാശരി, സംസ്ഥാനങ്ങളുടെ നിരക്ക് എന്നിവ കേരളത്തിന്റെ പല മടങ്ങ് കുറവാണ്.

രോഗമുക്തിയുടെ ദേശീയ ശരാശരി 10.47 ശതമാനമാണ്. കേരളത്തിലെ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയുടെ 5 ഇരട്ടിയിലേറെയാണ്. കർണാടകയിൽ ഇത് വെറും 23.88 % മാത്രം. കേരളത്തിന്റെ പകുതി പോലുമില്ല. ഒടുവിലെ കണക്ക് പ്രകാരം ഒരു ഡസനോളം പ്രധാന കോവിഡ് ബാധിത സംസ്ഥാനങ്ങളിൽ 10%ലധികം രോഗമുക്തി നിരക്ക് അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമാണ്.

കർണാടകയെ കൂടാതെ ഹരിയാന,പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തെലങ്കാന എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. ദില്ലി , രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് രോഗമുക്തി നിരക്ക്.