ലോക്ക്ഡൗൺ: കേരളത്തിന്റെ തീരുമാനം മറ്റന്നാൾ | Malayoram News

തിരുവനന്തപുരം : ലോക്ക്ഡൗൺ നീട്ടിയതിനെ തുടർന്ന് കേരളം കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച തീരുമാനം മറ്റന്നാൾ. പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ശേഷം നാളെ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര മാർഗ്ഗ നിർദ്ദേശം ഇറങ്ങാനിരിക്കെ മന്ത്രിസഭാ യോഗം മറ്റന്നാളത്തേക്ക് മാറ്റി.

കോവിഡ് 19 നിയന്ത്രണത്തിൽ സംസ്ഥാനം മെച്ചപ്പെട്ട അവസ്ഥയിലാണ്. ചില മേഖലകളിൽ ഇപ്പോൾ തന്നെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിനായി മെയ് 3 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. നാളെ മുതൽ ഒരാഴ്ച്ച രാജ്യത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവുകളുണ്ടാകും. സ്ഥിതി മോശമായാൽ വീണ്ടും കർശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.