ഇന്ന് (12 മെയ് 2020) അഞ്ചു പേര്‍ക്ക് കൊവിഡ്; വേണ്ടത് അതീവ ജാഗ്രത, ചെറിയ പിഴക്ക് പോലും വലിയ വില നൽകേണ്ടിവരും.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മലപ്പുറത്ത് മൂന്നും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ ചെന്നൈയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. 95 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് രോഗവ്യാപനം തടയാന്‍ സാധിച്ചെന്നും കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നാം കടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് 32 രോഗബാധിതരുണ്ട്. 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്ത് നിന്നാണ്. ചെന്നൈയില്‍ നിന്ന് വന്ന ആറു പേരാണ്. മഹാരാഷ്ട്രയില്‍ നിന്ന് വന്നത് നാല് പേര്‍, വിദേശത്ത് നിന്ന് 11, നിസാമുദ്ദീനില്‍ നിന്ന് വന്ന രണ്ടുപേരും രോഗികളുടെ പട്ടികയില്‍പ്പെടുന്നു.

സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒന്‍പത് പേരില്‍ ആറ് പേര്‍ വയനാട്ടിലാണ്. ചെന്നൈയില്‍ പോയി വന്ന ട്രക്ക് ഡ്രൈവറുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും സഹഡ്രൈവറുടെ മകനും സമ്പര്‍ക്കത്തിലെത്തിയ മൂന്ന് പേര്‍ക്കും കൊവിഡ് ബാധിച്ചു. വയനാടിന് പുറത്ത് രോഗബാധയുണ്ടായ മൂന്നുപേര്‍ വിദേശത്ത് നിന്ന് വന്നവരുടെ ഉറ്റവര്‍. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന തോത് സങ്കല്‍പ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാസര്‍കോട് ഒരാളില്‍ നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരില്‍ ഒരാളില്‍ നിന്നും ഒന്‍പത് പേരിലേക്കും. വയനാട്ടില്‍ ഒരാളില്‍ നിന്നും ആറ് പേരിലേക്കും രോഗം പകര്‍ന്നു. കാര്യങ്ങള്‍ എളുപ്പമല്ല. നിയന്ത്രണം പാളിയാല്‍ കൈവിട്ട് പോകും. പ്രതീക്ഷിക്കാനാവാത്ത വിപത്ത് നേരിടേണ്ടി വരും. അതിനാലാണ് ആവര്‍ത്തിച്ച് പറയുന്നത്. വരാനിടയുള്ള ആപത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതുവരെ രോഗബാധ വേഗത്തില്‍ കണ്ടെത്താനും സുരക്ഷയൊരുക്കാനും സാധിച്ചു. ഇപ്പോള്‍ കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്ക് വരുന്നു. അവര്‍ക്ക് സുരക്ഷയൊരുക്കാനാവണം. ഇത് വലിയ വെല്ലുവിളിയാണ്. റോഡ്, റെയില്‍, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആളുകള്‍ എത്തുന്നു. 33,,116 പേര്‍ റോഡ് വഴിയും വിമാനം വഴി 1,406 പേരും കപ്പലുകള്‍ വഴി 833 പേരും കേരളത്തിലെത്തി. നാളെ ട്രെയിന്‍ സര്‍വീസും ആരംഭിക്കും. ഇതുവരെയുള്ള പോസിറ്റീവ് കേസില്‍ 70 ശതമാനം പുറത്തുനിന്ന് വന്നതും 30 ശതമാനം സമ്പര്‍ക്കത്തിലൂടെയാണ്. രോഗവ്യാപന നിരക്ക് ഒന്നില്‍ താഴെയാണ്. മരണനിരക്കും കുറയ്ക്കാനായി. ബ്രേക് ദി ചെയിനും ക്വാറന്റീനും റിവേഴ്‌സ് ക്വാറന്റീനും വിജയിപ്പിക്കാനായത് നേട്ടങ്ങള്‍ക്ക് കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.