മലപ്പുറത്ത് കോവിഡ്-19‌ സ്ഥിതീകരിച്ചയാൾ വാളയാറിൽ എത്തിയത് പാസ്സ് ഇല്ലാതെ, ഇവരെ കടത്തിവിടാൻ സമരം ചെയ്ത നേതാക്കൾ ആശങ്കയിൽ

പാലക്കാട് : മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് ജില്ലയ്‍ക്ക് ആശങ്കയാകുന്നു. വാളയാറില്‍ കഴിഞ്ഞ ദിവസം കോണ്‍​​ഗ്രസ് നടത്തിയ സമരനാടകത്തിലും ഇയാള്‍ പങ്കെടുത്തിരുന്നു. ഇയാളുൾപ്പെട്ട സംഘവുമായി സാമൂഹ്യ അകലം പാലിക്കാതെ അടുത്തിടപഴകിയ എംപിമാരായ വി കെ ശ്രീകണ്‌ഠൻ, രമ്യ ഹരിദാസ്‌, ടി എൻ പ്രതാപൻ,  എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവർ  ഇതോടെ നിരീക്ഷണത്തിൽ പോകേണ്ടിവരുമോ എന്ന സംശയവും ആരോഗ്യവുകപ്പ്‌ പ്രകടിപ്പിക്കുന്നു.
ചെന്നൈയിൽ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്നയാളാണ് രോ​ഗം സ്ഥിരീകരിച്ച നാൽപ്പതുകാരനായ മലപ്പുറം സ്വദേശി. ചെന്നൈയിൽ വിവിധ തരത്തിലുള്ള കടകൾ നടത്തിവന്ന ബാക്കി എട്ടുപേർ വാളയാറിൽനിന്ന് മറ്റൊരു വാഹനത്തിൽ  മലപ്പുറത്തേക്ക് പോയി. ഇവരെ വാളയാറില്‍ എത്തിച്ച ഡ്രൈവറുടെ സ്രവവും പരിശോധനയ്‍ക്ക് അയച്ചിട്ടുണ്ട്.

ഈ മാസം എട്ടിന് ചെന്നൈയിൽനിന്ന് യാത്ര തിരിച്ച മലപ്പുറം സ്വദേശി ഒമ്പതിന് രാവിലെ വാളയാര്‍ അതിർത്തിയിലെത്തി. ഇയാളടക്കം  പത്തംഗസംഘം കേരള പാസില്ലാതെയാണ് വാഹനത്തിൽ അതിർത്തിയിൽ എത്തിയത്. ഇവരെ ഉൾപ്പെടെ അതിർത്തി കടത്തിവിടണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ കോൺഗ്രസ്‌നേതാക്കൾ ശനിയാഴ്‌ച വാളയാറിൽ സമരനാടകം നടത്തിയത്‌.

തമിഴ്‌നാട്നിന്നുള്ള ഗ്രൂപ്പ് പാസ്‌ ഉപയോഗിച്ചാണ്‌ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് സംഘം  വാളയാറിലെത്തിയത്‌. അതിർത്തിയിൽ പൊലീസ്‌  തടഞ്ഞതോടെ ബഹളംവച്ചു. ശനിയാഴ്‌ച വൈകിട്ടോടെ കോൺ​ഗ്രസ്  സംഘടിപ്പിച്ച പ്രതിഷേധത്തിലും ഇയാൾ പങ്കെടുത്തു. രാത്രി വൈകി ഇയാൾ ഛർദിച്ചു. ഇയാൾക്കൊപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രാത്രിയോടെ രോ​ഗലക്ഷണം കണ്ടു. ഇരുവരേയും  ആംബുലന്‍സില്‍ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

പാസ്‌ ഇല്ലാതെ എത്തിയ  ഇരുന്നൂറ്റമ്പതോളംപേരെ സംസ്ഥാനത്തേക്ക് കടത്തി വി‌ടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്‌ നടത്തിയ ബഹളത്തിലും രോ​ഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുണ്ടായിരുന്നു. ഇയാൾക്കൊപ്പം അതിർത്തിയിലെത്തിയവരെ പിന്നീട് കോയമ്പത്തൂരിലെ ക്യാമ്പിലേക്ക് മാറ്റി. സര്‍ക്കാര്‍ നിര്‍ദേശത്തെ  തുടര്‍ന്ന് പിറ്റേന്ന് പാസ് അനുവദിച്ച് അവരവരുടെ ജില്ലകളിലേക്ക് അയക്കുകയും ചെയ്‍തു.

ജനപ്രതിനിധികളെ കൂടാതെ മാധ്യമപ്രവർത്തകർ, സ്ഥലത്തുണ്ടായിരുന്ന പൊലീസ്, മറ്റ് സർക്കാർ ഉദ്യോ​ഗസ്ഥർ എന്നിവരെല്ലാം ആശങ്കയിലാണ്. അതിർത്തിയിൽ ആളുകളെ തടയുന്നുവെന്ന നുണപ്രചാരണവുമായി കോൺ​ഗ്രസ്‌ ജനപ്രതിനിധികൾ പ്രതിഷേധം സംഘടിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നു. അതിർത്തിയിൽ സംഘടിച്ച് നിൽക്കരുതെന്ന പൊലീസ് നിർദേശം അവ​ഗണിച്ച് കോൺ​ഗ്രസ് നേതാക്കൾ ജനങ്ങളെ വിളിച്ചുകൂട്ടി സർക്കാർവിരുദ്ധ പ്രതിഷേധത്തിന് ശ്രമിക്കുകയായിരുന്നു.