വിശാഖപട്ടണം വിഷവാതക ദുരന്തം; രണ്ട് കുട്ടികളടക്കം എട്ട് മരണം; 200 ഓളം പേര്‍ ആശുപത്രിയില്‍; അയ്യായിരത്തോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിരവധി ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ കെമിക്കല്‍ പ്ലാനന്റില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ രണ്ടു കുട്ടികളടക്കം എട്ട് മരണം.

ഏകദേശം അയ്യായിരത്തോളം ആളുകള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥിതി ഗുരുതരമായ 200ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിശാഖ പട്ടണത്തിലെ ആര്‍ ആര്‍ വെങ്കടപുരം എന്ന ഗ്രാമത്തിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്. എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയിലാണ് അപകടമുണ്ടായത്. മരിച്ചതില്‍ ഒരാള്‍ കുട്ടിയാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചത്. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം പരന്നിട്ടുണ്ട്. ഈ ചുറ്റളവിലുള്ള നിരവധി ഗ്രാമങ്ങള്‍ ഒഴിപ്പിച്ചിരിക്കുകയാണ്.

വലിയ സിലിണ്ടറുകളിലെ വാതകം പൈപ്പ് ലൈനിലൂടെയാണ് ഫാക്ടറിയിലേക്ക് എത്തുന്നത്. ഈ പൈപ്പുകളിലുണ്ടായ വിള്ളലിലൂടെ പരിസരപ്രദേശത്തേക്കും ഫാക്ടറിയിലും വ്യാപിക്കുകയായിരുന്നു.

ശ്വാസതടസവും കണ്ണ് പുകച്ചിലും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിരവധിയാളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുലര്‍ച്ചെയുണ്ടായ വാതക ചോര്‍ച്ചയിലൂടെ പടര്‍ന്ന് രൂക്ഷമായ ഗന്ധം ശ്വസിച്ച് പരിസര നിവാസികളും ഫാക്ടറി ജീവനക്കാരും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. ഇവരില്‍ പലരും പാതയോരത്ത് കുഴഞ്ഞ് വീഴുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2000 മെട്രിക് ടണിലധികം രാസവസതുക്കള്‍ കമ്പനിയില്‍ ഉണ്ടായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസും ആരോഗ്യപ്രവര്‍ത്തകരും.

ലോക്ഡൗണില്‍ അടച്ചിട്ടിരുന്ന ഫാക്ടറി ഇന്ന് തുറന്നു പ്രവര്‍ത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിനിടെയായിരിക്കും വാതകചേര്‍ച്ചയുണ്ടായതെന്നാണ് പ്രാഥമികനിഗമനം.