ഓപ്പറേഷൻ സമുദ്രസേതു; 698 പേരുമായി ജലാശ്വ കൊച്ചി തീരത്ത്

കൊച്ചി : ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ആദ്യ ദൗത്യം പൂർത്തീകരിക്കാൻ നാവികസേന കപ്പലായ ഐഎൻഎസ് ജലാശ്വ കൊച്ചി തീരത്ത് എത്തി.  കപ്പല്‍ പത്ത് മണിയോടെ തീരത്ത് അടുപ്പിക്കും. 440 മലയാളികൾ ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ 698 യാത്രക്കാരുമായാണ് കപ്പൽ രാവിലെ 9.30ന് സാമുദ്രിക ക്രൂയിസ് ടെർമിനലിൽ എത്തുന്നത്. 36 മണിക്കൂ‍ർ യാത്രയ്ക്കു ശേഷമാണ് കപ്പൽ കൊച്ചിയിലെത്തുന്നത്. കേരളത്തിലെ യാത്രക്കാരെ അതത് ജില്ലകളിലേക്കും മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ അതതിടത്തേക്കും പ്രത്യേക വാഹനങ്ങളിൽ കയറ്റിവിടും. യാത്രക്കാരിൽ ആർക്കും ഇതുവരെ കോവിഡ് 19 രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ഐഎൻഎസ് ജലാശ്വയിലുള്ള യാത്രക്കാരിൽ 19 ഗർഭിണികളും 14 കുട്ടികളുമാണ്. തമിഴ്‌നാട്ടിലെ 187 യാത്രക്കാരും സംഘത്തിലുണ്ട്.

മറ്റുള്ളവർ: ആന്ധ്രപ്രദേശ്(8), അസം(1), ഡെൽഹി(4), ഗോവ(1), ഹരിയാന(3), ഹിമാച്ചൽപ്രദേശ്(3), ജാർഖണ്ഡ്(2), കർണാടകം(8), ലക്ഷദ്വീപ്(4), മധ്യപ്രദേശ്(2), മഹാരാഷ്ട്ര(3), ഒഡീഷ(2), പുതുശേരി(2), രാജസ്ഥാൻ(3), തെലങ്കാന(9), ഉത്തർപ്രദേശ്(2), ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ (ഏഴ് വീതം). 2015 ൽ യെമനിൽ കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്തിയ ശേഷമുള്ള നാവിക സേനയുടെ മറ്റൊരു ദൗത്യത്തിന് ഇതോടെ പൂർണതയാവും. നാവിക സേനയുടെ ഡോക്ടർമാരും മാലെദ്വീപ് മെഡിക്കൽ സംഘവും പരിശോധിച്ച ശേഷമാണ് യാത്രക്കാരെ കയറ്റിയത്. മാലി വിമാനത്താവളത്തിൽ ഒരു ദിവസം നീണ്ടു നിന്ന നടപടികൾക്ക് ശേഷമാണ് യാതക്കാരെ ബസിൽ തുറമുഖത്തേക്ക് എത്തിച്ചത്. നാവികസേനയുടെ തന്നെ ഐഎൻഎസ് മഗർ എന്ന കപ്പൽ കൂടി മാലെദ്വീപിൽ എത്തുന്നുണ്ട്. ദുബൈയിൽ നിന്നും കപ്പലുകളുണ്ടാകും എന്ന് നേരത്തെ സ‍ർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

ആകെ പതിനാല് കപ്പലുകൾ സർക്കാർ നിർദ്ദേശിക്കുന്ന മുറയ്ക്ക് ദൗത്യത്തിന് തയ്യാറായി നിൽക്കുന്നെണ്ടെന്ന് നാവികസേന വ്യക്തമാക്കുന്നു. തുറമുഖത്ത് വിദേശത്തു നിന്നുള്ളവരുമായി കപ്പലടുക്കുമ്പോൾ അവരെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് ആരോഗ്യ വകുപ്പ്. സ്വീകരണം കുറ്റമറ്റതാക്കാൻ വിവിധ വകുപ്പുകൾ ഇന്നലെ അന്താരാഷ്ട്ര ടെർമിനലിൽ സംയുക്തമായി മോക്ക് ഡ്രില്ലുകൾനടത്തി. യാത്രയുടെ ഓരോ ഘട്ടത്തിലും നിരീക്ഷണ സംവിധാനം ഇടപെടുന്നത് പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും കോവിഡ് ഇതര രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക സംവിധാനങ്ങൾ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്. മന്ത്രി വി എസ് സുനിൽകുമാർ, ഐജി വിജയ് സാഖറെ, ഡിഐജി ജി പൂങ്കുഴലി എന്നിവർ സ്ഥിതി വിലയിരുത്തി മൂന്നു ക്ലസ്റ്ററുകളായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര ആരംഭിക്കുന്നതെങ്കിലും യാത്രക്കിടയിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള ആളുകളെ തുറമുഖത്തെത്തുമ്പോൾ തന്നെ ഐസോലേഷൻ ഏരിയയിലേക്ക് മാറ്റും. സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച പൊലീസുകാരുടെ സഹായത്തോടു കൂടി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കൽ കോളജിലേക്കുമായിരിക്കും ഇവരെ പരിശോധനക്കും തുടർന്നുള്ള നിരീക്ഷണത്തിനുമായി എത്തിക്കുന്നത്. കോവിഡ് ഇതര രോഗങ്ങൾ ഉള്ള യാത്രക്കാരുടെ ആരോഗ്യ കാര്യങ്ങൾ പരിശോധിക്കാനുള്ള ചുമതല പോർട്ട് ട്രസ്റ്റ്ആശുപത്രിക്കാണ്.