വരൂ നമുക്കിന്ന് കേരളം ശുചിയാക്കാം...

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടല്‍; അവശ്യസേവനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്‍റ്സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കണം. സര്‍ക്കാര്‍ രൂപീകരിച്ച് സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കും.

പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈ-ഡേ ആയും ആചരിക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകു വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതെല്ലാം ഒഴുക്കിക്കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ടെറസ്, പൂച്ചട്ടികള്‍, പരിസരങ്ങളില്‍ അലക്ഷ്യമായി ഇടുന്ന ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിന് പിറകിലെ ട്രേ എന്നിവയിലെ വെള്ളം മുഴുവന്‍ ഒഴിവാക്കണം. റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകളിലെ വെള്ളം ഒഴിവാക്കി അവ കമഴ്ത്തിവെക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം ലോക്​ഡൗൺ ഞായറാഴ്ച്ചയായ ഇന്ന് ചരക്കുവാഹനങ്ങളും ആശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം. ജോലിക്കു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തകർ, അവശ്യ വിഭാഗ ജീവനക്കാർ എന്നിവർക്കും യാത്രാനുമതിയുണ്ട്. അവശ്യസാധന കടകളും തുറക്കാം.

പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്കും തടസ്സമില്ല. ആശുപത്രി, മെഡിക്കൽ സ്‌റ്റോർ, ലാബ്, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിപ്പിക്കാം.