കേരളം സിസ്റ്റർ ലിനിയെ സ്മരിക്കുന്നു ; നിപ്പ ഓർമ്മകളിലൂടെ ഒരു കോവിഡ്‌ കാലം | Sister Lini

കോവിഡ്‌ വൈറസിനു മുമ്പേ മലയാളികളിൽ ഭീതി നിറച്ച മാരക വൈറസ്‌ വ്യാപനത്തിന്റെ ഓർമകൾക്ക്‌‌ ബുധനാഴ്‌ച രണ്ടുവർഷം‌ പിന്നിടുന്നു. 16 പേരുടെ മരണത്തിനിടയാക്കിയ നിപാ കേരളത്തിൽ ആദ്യമായി സ്ഥിരീകരിച്ചത്‌ 2018 മെയ്‌ 20ന്‌ കോഴിക്കോട്ട്‌. മരണസാധ്യത കൂടുതലുള്ള ഈ വൈറസിനെ രണ്ടാഴ്‌ചക്കുള്ളിൽ തുരത്തിയ ആ അനുഭവമാണ്‌ കോവിഡ്‌ പ്രതിരോധത്തിനും കേരളത്തിന്‌ കരുത്തു നൽകുന്നത്‌.

ഒപ്പം കേരളത്തിന്റെ മാലാഖ ലിനി ഓർമ്മയായിട്ട് ഇന്നേക്ക് രണ്ട് വർഷം.ഒരു മെയ് 21 നാണ് നിപ യുടെ രൂപത്തിൽ ലിനിയെ മരണം തട്ടിയെടുത്തത്.

പേരാമ്പ്ര സർക്കാർ ആശുപത്രിയിലെ നഴ്സായിരുന്ന ലിനി വേദനകൾക്ക് ഒക്കെ അപ്പുറം മലയാളിയുടെ അഭിമാനം കൂടിയാണ് ഇന്നും. 

പേരാമ്പ്ര സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ ഒരു കുടുംബത്തിലെ രണ്ടു സഹോദരങ്ങൾ പനി വന്ന്‌ മരിച്ചതോടെയാണ്‌ അപൂർവമായ രോഗത്തെ കുറിച്ച്‌ നാട്‌ ജാഗ്രതയിലാവുന്നത്‌‌. ‌പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന്‌ ഫലം വരും മുമ്പേ ആരോഗ്യ വകുപ്പ്‌ പ്രാഥമിക തലം മുതൽ പ്രതിരോധ നടപടികൾ കൈക്കൊണ്ടു. ആരോഗ്യ മന്ത്രി കെ കെ ശൈലജ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച്‌ കോഴിക്കോട്ടേക്ക്‌ പുറപ്പെട്ടു. 75 ശതമാനം വരെ മരണസാധ്യതയുള്ള നിപാ വൈറസാണ്‌ രോഗകാരണമെന്ന വിവരം‌ 20ന്‌ വൈകിട്ട്‌ ആരോഗ്യവകുപ്പ്‌   പുറത്തുവിട്ടു. തുടർന്ന്‌ നാട്‌ കണ്ടത്‌ ‌സമാനതകളില്ലാത്ത കാഴ്‌ചകൾ‌. ഇന്ന്‌ കോവിഡ്‌ കാലത്ത്‌ മാസ്‌കും സാമൂഹിക അകലവും പരിചിതമാണെങ്കിലും അന്നത്‌ ആദ്യ അനുഭവമായിരുന്നു.

സഹോദരങ്ങൾ ചികിത്സ തേടിയ പേരാമ്പ്ര താലൂക്ക്‌ ആശുപത്രി,  ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി  എന്നിവിടങ്ങളിൽ നിന്നായി രോഗവ്യാപനമുണ്ടായി.  ആദ്യ രോഗിയെന്ന്‌ കരുതുന്ന സാബിത്തിനെ പരിചരിച്ച നേഴ്‌സ്‌ ലിനിയടക്കം 16 പേരുടെ ജീവനെടുത്ത വൈറസിനെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ  ചിട്ടയായ പ്രവർത്തനത്തിലൂടെ ആരോഗ്യ വകുപ്പ്‌ തുരത്തി. രണ്ടുപേർ വൈറസിനെ അതിജീവിച്ച്‌ ജീവിതത്തിലേക്ക്‌  തിരിച്ചുവരികയും ചെയ്‌തു.  വാർഡുതലങ്ങളിൽ ആരോഗ്യ പ്രവർത്തകരെയും സർക്കാർ ജീവനക്കാരെയും  ഏകോപിപ്പിച്ച്‌ പഴുതില്ലാത്ത രീതിയിൽ കെട്ടിയ ആ പ്രതിരോധ കോട്ടയുടെ മികവിൽ ജൂലൈ ആദ്യവാരം കോഴിക്കോട്‌, മലപ്പുറം ജില്ലകൾ നിപാ മുക്തമായി. ഈ പ്രവർത്തന രീതിയാണ്‌‌ തുടർ വർഷത്തിൽ കൊച്ചിയിലുണ്ടായ നിപായെ എളുപ്പത്തിൽ അതിജീവിക്കാനും  ഈ വർഷമുണ്ടായ കോവിഡിൽ ലോക  മാതൃക തീർക്കാനും കേരളത്തെ സാധ്യമാക്കിയത്‌.