സംസ്ഥാനത്ത് ഇന്ന് (01 ജൂൺ 2020) 57 പേര്‍ക്ക് കൊവിഡ്; 18 പേര്‍ രോഗമുക്തി നേടി, പോസിറ്റിവ് ആയവരിൽ കൂടുതൽ ആളുകളും വിദേശത്ത് നിന്നും വന്നവർ.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍കാസര്‍കോട് 14, മലപ്പുറം 14, തൃശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറണാകുളം മൂന്ന്, ആലപ്പുഴ രണ്ട്, പാലക്കാട് രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 18 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോഴിക്കോട് ചികിത്സയിലിരുന്ന സുലേഖ മരിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ് മരണം പത്തായി.

1,39,661 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വീടുകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 1,38,397 പേരുണ്ട്. 1,246 പേര്‍ ആശുപത്രികളിലാണ്. 174 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുതുതായി പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ അഞ്ച് ഹോട്ട്‌സ്‌പോട്ടുകളുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും മലയാളികള്‍ മരിക്കുന്നു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കാണാനാവാത്ത സ്ഥിതിയാണ്. വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ് നാലിന് ശേഷമുണ്ടായ കേസുകളില്‍ 90 ശതമാനവും പുറത്തുനിന്ന് വന്നവരാണ്. മെയ് നാലിന് മുന്‍പ് അത് 67 ശതമാനമായിരുന്നു. മെയ് 29ന് ശേഷം ശരാശരി മൂവായിരം ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യുവിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി ചെയ്ത് മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസ കാലാവധിയുള്ള താത്കാലിക പാസ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് 3075 മാസ്‌ക് ധരിക്കാത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ച ഏഴ് പേര്‍ക്കെതിരെയും ഇന്ന് കേസെടുത്തെന്ന് മുഖ്യമന്ത്രി അറിയിച്ചു.