പ്രവാസികള്‍ക്ക് ഇനി മുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ഇല്ല


തിരുവനന്തപുരം :
വിദേശത്തുനിന്നും വരുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ഉണ്ടാകില്ല. പകരം 14 ദിവസം കര്‍ശന ഹോം ക്വാറന്റീനില്‍ കഴിയണം. നിരീക്ഷണത്തിനു ശേഷവും വീടുകളിലുള്ളവര്‍ കര്‍ശന ജാഗ്രത പുലര്‍ത്തണം.

കൊവിഡുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പതിനാല് ദിവസത്തെ ക്വാറന്റീനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റീനാണ് ഒഴിവായത്. രോഗ ലക്ഷണങ്ങളുള്ളവര്‍ക്കും ഇത് ബാധകമാണ്.

വിദേശത്തു നിന്നും വരുന്നവര്‍ പതിനാല് ദിവസത്തെ ക്വാറന്റീന്‍ കാലയളവ് കഴിഞ്ഞാലും ജാഗ്രത പുലര്‍ത്തണം. പിന്നീടുള്ള പതിനാല് ദിവസത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങാന്‍ പാടില്ല.

വീടുകളില്‍ ക്വാറന്റീനിലുള്ളര്‍ നിരീക്ഷിക്കാന്‍ വാര്‍ഡുതലത്തില്‍ പ്രത്യേക സമിതിയുണ്ടാകും. ക്വാറന്റീന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ സൗകര്യമൊരുക്കും. വീടുകളിലെ സൗകര്യങ്ങള്‍ വാര്‍ഡുതല സമിതി പരിശോധിക്കും.

രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരും പതിനാല് ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ കാലയളവില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.