കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ വന്‍ തീപിടുത്തം.

കോഴിക്കോട് : കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ വന്‍ തീപിടുത്തം, ആളപായമില്ല. പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട 22 ബൈക്കുകളും 3 കാറും ഓട്ടോറിക്ഷയും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല ബേസ്‌മെന്റില്‍ കൂട്ടിയിട്ട മാലിന്യത്തില്‍ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

പതിനൊന്നരയോടെയാണ് കോഴിക്കോട് കോട്ടുളിയിലെ അപ്പോളോ ജ്വല്ലറിയില്‍ തീപിടുത്തം ഉണ്ടായത്. ബേസ്‌മെന്റിലെ പാര്‍ക്കിംഗ് ഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തില്‍ നിന്ന് തീ ഉയരുകയായിരുന്നു. എ സി വഴി ദുര്‍ഗന്ധം കടയ്ക്കുള്ളില്‍ പരന്നതോടെയാണ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

അപ്പോഴേയ്ക്കും ബേസ്‌മെന്റില്‍ തീ പടര്‍ന്ന്‌നിരുന്നു. ഇവിടെ നിര്‍ത്തിയിട്ട ജീവനക്കാരുടെതടക്കം 22 ബൈക്കുകള്‍, 3 കാര്‍, ഓട്ടോറിക്ഷ എന്നിവ കത്തി നശിച്ചു. വെള്ളിമാട്കുന്ന്, മീഞ്ചന്ത, ബീച്ച് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 5 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

പാര്‍ക്കിംഗ് ഭാഗത്ത് സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ വേഗത്തില്‍ എടുത്തു മാറ്റാന്‍ കഴിഞ്ഞത് അപകടം ഒഴിവാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അലക്ഷ്യമായി സൂക്ഷിച്ച മാലിന്യത്തില്‍ നിന്നാണ് തീ ഉയര്‍ന്നതെന്ന് മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിശ്വാസ് പി വി പറഞ്ഞു.

പുക ഉയര്‍ന്നതോടെ മുഴുവന്‍ ജീവനക്കാരേയും ഒഴിവാക്കാന്‍ സാധിച്ചു. ഡി സി പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒന്നര മണിക്കൂറിലേറെ നീണ്ട പ്രയത്‌നത്തിലൊടുവിലാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്.