സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിക്കും


തിരുവനന്തപുരം : സംസ്ഥാനത്ത് ഹോട്ട്‌സ്‌‌പോട്ട്-കണ്ടെയ്ൻമെന്റ് സോണിലൊഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ സർക്കാർ ഓഫീസുകളും തിങ്കളാഴ്ച്ച മുതൽ പൂർണമായും തുറന്നുപ്രവർത്തിക്കാൻ ഉത്തരവ്. പൊതുമേഖലാ സ്ഥാപനങ്ങളും അർദ്ധ സർക്കാർ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പൂർണമായും തുറന്നുപ്രവർത്തിക്കാനും നിർദേശമുണ്ട്.

എല്ലാ ജീവനക്കാരും ഹാജരാകണം. വിവിധ കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അതത് ജില്ലയ്‌ക്കുള്ളിൽ നിന്നുള്ള ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് ദൈംദിന പ്രവർത്തനങ്ങൾ ക്രമീകരിക്കണം. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച്ച പ്രവർത്തി ദിവസം ആയിരിക്കില്ല.

പൊതുഗതാഗത സംവിധാനം ലഭ്യമല്ലാത്ത ഓഫീസുകളിൽ ഹാജരാകാൻ കഴിയാതിരുന്ന ജീവനക്കാർ ജില്ലാ കലക്ട്രേറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു. പ്രസ്തുത ജീവനക്കാർ അവിടങ്ങളിൽ നിന്ന് വിടുതൽ വാങ്ങി ഡ്യൂട്ടി സർട്ടിഫിക്കറ്റ് സഹിതം അവരവരുടെ ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യണം.

വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും, അത്തരം ജീവനക്കാരുടെ ഹാജർനില സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഓഫീസ് മേധാവികൾ പ്രത്യേകം പുറപ്പെടുവിക്കണമെന്നും നിർദേശമുണ്ട്. ഒരു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാരായ ജീവനക്കാരെയും ഏഴ് മാസം പൂർത്തിയായ ഗർഭിണികളായ ജീവനക്കാരെയും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം. ഇവർക്ക് വർക്ക് ഫ്രം ഹോം ക്രമീകരണം ഏർപ്പെടുത്തണം.