കോളേജ് വിദ്യാഭ്യാസത്തിന്റെ മു:ഖഛായ മാറുന്നു.

തിരുവനന്തപുരം : സർവകലാശാലകളിൽ പുതിയ കോഴ്‌സുകൾക്ക്‌ ക്ലാസിനൊപ്പം ഓൺലൈൻ പഠനവും വരുന്നു. ഇത്തരം മിശ്രിത പഠനരീതി അവലംബിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശ നൽകി. ക്ലാസ്‌മുറി, ഓൺലൈൻ പഠനങ്ങളുടെ അനുപാതം സർവകലാശാലകൾക്ക്‌ തീരുമാനിക്കാം. കോളേജുകളിൽ നവീന കോഴ്‌സുകൾ അനുവദിക്കുന്നതുസംബന്ധിച്ച്‌ പഠിക്കാൻ നിയോഗിച്ച സമിതിയാണ്‌ സർക്കാരിന്‌ റിപ്പോർട്ട്‌ നൽകിയത്‌‌. 

വിദ്യാർഥിയുടെ അക്കാദമിക്ക്‌ താൽപ്പര്യം പരിഗണിച്ച്‌  ഓരോ സെമസ്റ്ററും  വിവിധ സർവകലാശാലകളിൽ പഠിക്കുന്നതിന് അവസരം ഒരുക്കുന്ന കോഴ്സും ആരംഭിക്കണം. തൊഴിൽസാധ്യത വർധിപ്പിക്കുന്ന വിധമാകണം കോഴ്സുകൾ. ഇതിലേക്ക്‌ വൈദഗ്‌ധ്യമുള്ള അധ്യാപകരെ ടെന്യുവർ ട്രാക്ക് അടിസ്ഥാനത്തിൽ നിയമിക്കാം. വേണമെങ്കിൽ സ്ഥിരപ്പെടുത്താം. ചില വിഷയങ്ങളിൽ വ്യവസായ  വിദഗ്‌ധരെയും ഉപയോഗിക്കാം. കോഴ്സുകൾക്കുള്ള‌ അധികചെലവ്‌ മാച്ചിങ്‌  ഗ്രാന്റായി സർവകലാശാലയ്‌ക്ക്‌ സർക്കാർ നൽകണം.

സർവകലാശാലകൾ അവയുടെ അക്കാദമിക സാഹചര്യം അനുസരിച്ചും‌ കോഴ്സുകൾ ആരംഭിക്കണം.  നടത്തിപ്പുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിസിമാരുടെ യോഗം ചേർന്ന്‌ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചർച്ച ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൗൺസിൽ വൈസ്‌ ചെയർമാൻ  ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷനും  ഡോ. ബി ഇക്ബാൽ, പ്രൊ. സാബു തോമസ്, ഡോ. ആർ വി ജി മേനോൻ, ഡോ. ഉഷാ റ്റൈറ്റസ്, ഡോ. രാജൻ വർഗീസ് എന്നിവരാണ്‌ സമിതി അംഗങ്ങൾ.

സിലബസും അധ്യയനവും വെട്ടിക്കുറച്ചേക്കും
പാഠഭാ​ഗങ്ങളും അധ്യയനസമയവും കുറയ്ക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര മാനവവിഭവശേഷിമന്ത്രി രമേഷ്‌ പൊക്രിയാൽ.  അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും ഇതേക്കുറിച്ച്‌‌ സാമൂഹ്യമാധ്യമംവഴി അഭിപ്രായം അറിയിക്കണമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ‘സിലബസ്‌ ഫോർ സ്റ്റുഡന്റ്‌സ്‌ 2020’ എന്ന  ഹാഷ് ടാ​ഗില്‍  എച്ച്‌ആർഡിയുടെയോ മന്ത്രിയുടെയോ ഔദ്യോഗിക ട്വിറ്റർ, ഫെയ്‌സ്‌ബുക്ക്‌ പേജുകൾവഴി അഭിപ്രായം അറിയിക്കാം. പാഠഭാ​ഗം കുറയ്ക്കുന്നത് ​ഗുണംചെയ്യില്ലെന്ന വാദവും ശക്തമാണ്.

ടെന്യുവർ ട്രാക്ക്
അധ്യാപകരെ നിശ്‌ചിത  കാലാവധിക്കുശേഷം,  കഴിവിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തുന്ന രീതിയാണിത്‌. മൂന്നുവർഷത്തെ പ്രൊബേഷൻ കാലയളവിനുശേഷം അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്ന അധ്യാപകരെ അഞ്ചാം വർഷം സ്ഥിരപ്പെടുത്തും.  തൃപ്തികരമല്ലെങ്കിൽ പിരിച്ചുവിടും. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ് എന്നീ സ്ഥാപനങ്ങൾ ഈ രീതി നടപ്പാക്കിക്കഴിഞ്ഞു. ഐഐടികളും ഈ മാതൃക പിന്തുടരുന്നുണ്ട്.