കണിയാപുരത്ത് മകന്റെ മുന്നിൽ യുവതിക്ക് ക്രൂര പീഢനം ; ഭർത്താവടക്കം 7 പേർ അറസ്റ്റിൽ.


യുവതിയെ മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍. ഭര്‍ത്താവടക്കം 7 പേരെയാണ് കസ്റ്റഡയിലെടുത്തത്. കേസില്‍ നിര്‍ണ്ണായകതെളിവുകള്‍ ലഭിച്ചതായാണ് സൂചന.

ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു. വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. കഠിനം കുളം പോലീസാണ് പ്രതികളെ പിടികൂടിയത്.

അതേസമയം ബലാത്സംഗം നടക്കുന്ന സമയത്ത് ഭര്‍ത്താവ് മന്‍സൂര്‍ അവിടെയുണ്ടായിരുന്നില്ലെന്നും അതിനാല്‍ ഭര്‍ത്താവിന് ഇതില്‍ പങ്കുള്ളതായി അറിയില്ലെന്നുമാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

കണിയാപുരത്ത് ആണ് സംഭവം നടന്നത്. കൂട്ടബലാത്സംഗം നടന്ന സ്ഥലത്ത് നിന്നും യുവതിയുടെ ചെരുപ്പും ബാഗും മറ്റും കണ്ടെടുത്തിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരിക്കുന്നത് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പ്രതികള്‍ക്കെതിരെ പോക്‌സോയും ചുമത്തിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാക്കാത്ത മകന്റെ മുന്നില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തതിനും കൂട്ടിയെ ഉപദ്രവിക്കുകയും ചെയ്തതിനാണ് പോക്‌സോ ചുമത്തിയിരിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ട് കഠിനംകുളത്താണു ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. വഴിയരികില്‍ കിടക്കുന്നതു കണ്ട യുവതിയെ യുവാക്കളാണു വീട്ടിലെത്തിച്ചത്. അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലമായി മദ്യം നല്‍കിയ ശേഷം കടലോരത്തെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്.

പോത്തന്‍കോടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വൈകിട്ടോടെ യുവതിയെ പുതുക്കുറിച്ചി കടപ്പുറത്ത് എത്തിക്കുകയായിരുന്നു. ഭര്‍ത്താവാണ് തനിക്ക് മദ്യം നല്‍കിയതെന്നാണ് വീട്ടമ്മ പറയുന്നത്. ഇതിനു ശേഷം ഭര്‍ത്താവും സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും പിന്നീട് ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. തുടര്‍ന്നായിരുന്നു ബലാത്സംഗം നടന്നതെന്നുമാണു പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.