ശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്






തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ജൂൺ 7 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

ജൂൺ 8 : കോട്ടയം, എറണാകുളം, ഇടുക്കി.

ജൂൺ 9 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്.

ജൂൺ 10 : ഇടുക്കി, തൃശ്ശൂർ, മലപ്പുറം.

എന്നിങ്ങനെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.