പഠിച്ചിട്ടും പഠിക്കാതെ നമ്മൾ, കേരളത്തിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് | Online Fraud

തിരുവനന്തപുരം : തലസ്ഥാനത്ത്‌ വീണ്ടും ഓൺലൈൻ തട്ടിപ്പ്‌. വീട്ടമ്മ ഉൾപ്പെടെയുള്ളവരിൽ നിന്ന്‌ രണ്ട്‌ കോടി രൂപയാണ്‌ തട്ടിയെടുത്തത്‌. ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയ്‌ക്ക്‌ നഷ്ടമായത്‌ ഒന്നരക്കോടി രൂപയാണ്‌.  നെയ്യാറ്റിൻകര സ്വദേശിനി, സുഹൃത്ത് പൂജപ്പുര സ്വദേശിനി എന്നിവരും സമാനമായ തട്ടിപ്പിന്‌ ഇരയായി. ഇവർക്ക്‌ 15 ലക്ഷം രൂപ നഷ്‌ടമായി. ഒഎൽഎക്സിലൂടെ പഴയ ഫർണിച്ചർ വിൽക്കാൻ പരസ്യം നൽകിയ കഴക്കൂട്ടം സ്വദേശിനിയുടെ രണ്ടു ലക്ഷം രൂപയും മാട്രിമോണി സൈറ്റിൽ പരസ്യം ചെയ്ത തിരുവനന്തപുരംകാരിയിൽനിന്ന്‌ 15 ലക്ഷം രൂപയും തട്ടിയെടുത്തു. സംഭവങ്ങളിൽ സൈബർ പൊലീസ് കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

ഒന്നരക്കോടി തട്ടിയത്‌  ഇങ്ങനെ
ലണ്ടനിൽ സ്ഥിര താമസമാക്കിയ തട്ടിപ്പുകാരൻ വലവിരിച്ചത്‌ ഫെയ്‌സ്‌ബുക്കിലൂടെ. ലണ്ടനിലെ വീട് അനധികൃതമായി പൊളിച്ചതിന്‌ കോടതി നൽകിയ നഷ്ടപരിഹാരമായ രണ്ടരലക്ഷം ഡോളർ ലഭിച്ചുവെന്നും ഇത്‌ ഇന്ത്യയിൽ നിക്ഷേപിക്കാൻ ബാങ്ക് അക്കൗണ്ട് തുറക്കാനും ഫണ്ട് ട്രാൻസ്ഫർ ചെയ്യാനുമുള്ള സഹായം നൽകണമെന്നും‌ വീട്ടമ്മയോട്‌ അഭ്യർഥിച്ചു. സഹായിച്ചാൽ സമ്മാനം നൽകുമെന്ന്‌ വാഗ്‌ദാനം നൽകി. സമ്മാനം നൽകാൻ കസ്റ്റംസ് ക്ലിയറൻസ്, സർവീസ് ചാർജ്, ബാങ്ക് അക്കൗണ്ട് കോഡ് ഫീസ് തുടങ്ങിയ ഇനങ്ങൾക്ക് തുക കൈമാറാൻ ആവശ്യപ്പെട്ടു. വിവിധ അക്കൗണ്ടുകളിലേക്ക്‌ വീട്ടമ്മ ഒന്നരക്കോടി രൂപ അയച്ചു. പണം തട്ടിയ ആൾ നമ്പർ മാറി വിളിച്ചതോടെ സംശയം തോന്നിയ വീട്ടമ്മ പരാതി നൽകുകയായിരുന്നു.

പിന്നിൽ ഉത്തരേന്ത്യൻ–-വിദേശ സംഘം
ഓൺലൈൻ തട്ടിപ്പിന്‌ പിന്നിൽ ഉത്തരേന്ത്യൻ–-വിദേശ സംഘങ്ങൾ. കോവിഡ്‌ കാലത്ത്‌ സംഘം വീണ്ടും സജീവമായി. സാമൂഹ്യ മാധ്യമങ്ങൾ, വ്യാപാരത്തിന്‌ ഉപയോഗിക്കുന്ന ഓൺലൈൻ സൈറ്റുകൾ, മാട്രിമോണി സൈറ്റുകൾ ദുരുപയോഗം ചെയ്താണ് കെണി ഒരുക്കുന്നത്‌.