കണ്ണൂർ ഉൾപ്പടെ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചു. | Orange Alert in Kannur

കണ്ണൂർ : വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ  ജില്ലയിൽ  ബുധനാഴ്‌ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലി മീറ്റർ വരെ മഴ) അതിശക്തമായതോ (115 മില്ലി മീറ്റർ മുതൽ 204.5 മില്ലി മീറ്റർ വരെ മഴ) ആയ മഴയ്ക്ക്‌ സാധ്യതയുണ്ട്.  സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാൻ  സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയിൽ  വിള്ളലുകൾ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണ സംവിധാനത്തിന്റെ  അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കണം. 
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018, 2019 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനരേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്‌ക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറണം.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും  2018ലും 2019ലും  ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തുകയോ ചെയ്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ പൂർത്തിയാവാത്തതുമായ വീടുകളിൽ താമസിക്കുന്നവരും  എമെർജൻസി കിറ്റ് തയ്യാറാക്കി വയ്‌ക്കുകയും അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും വേണം.