കോവിഡ്‌ സ്ഥിതി ഗുരുതരം, തുടർച്ചയായി രണ്ടാം ദിവസവും ആയിരത്തിന് മേൽ രോഗികൾ : ഇന്ന് (23 ജൂലൈ 2020) 1078 പേർക്ക്‌ കൂടി കോവിഡ്‌; 798 പേർക്ക്‌ സമ്പർക്കത്തിലൂടെ രോഗം.

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഇന്ന്‌ 1078 പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരികരിച്ചു. 798 പേർക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്‌. കോവിഡ്‌ അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത്‌.

5 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 16,110. ഇന്ന് 798 പേർക്ക് സമ്പർക്കം വഴി രോഗം വന്നു. അതിൽ ഉറവിടം അറിയാത്തത് 65 പേർ. വിദേശത്തുനിന്ന് 104 പേർക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേർക്കും രോഗം ബാധിച്ചു. മരണപ്പെട്ടവർ– കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്‌മി കുഞ്ഞൻപിള്ള, പാറശാല നഞ്ചൻകുഴിയിലെ രവീന്ദ്രൻ, കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരിലെ സദാനന്ദൻ.

ഇതിൽ റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. ഇന്ന് 432 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.