സോഷ്യൽ മീഡിയയിൽ താരമായ ദേവു ചന്ദനയുടെ അച്‌ഛൻ മകളുടെ രോഗത്തിന്റെ വിഷമത്താൽ തൂങ്ങിമരിച്ച നിലയിൽ.

തിരുവനന്തപുരം : ക്ഷേത്രത്തിലെ  ഉത്സവത്തിന്‌ ചുവടുവെച്ച്‌ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടിയ ദേവു ചന്ദനയുടെ അച്‌ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെ (45) ആണ് എസ്എടി ആശുപത്രിയുടെ നഴ്സിങ് ഹോസ്റ്റലിന് പിറകിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ദേവു ചന്ദന എസ്എടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്‌. തലച്ചോറിലെ കോശങ്ങൾ നശിക്കുന്ന ഗുരുതര രോ​ഗമാണ് ദേവുവിന്. നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് ചുവടുവച്ചാണ്‌  ദേവു ചന്ദന സമൂഹമാധ്യമങ്ങളിൽ‌ ശ്രദ്ധേയയായത്‌.

മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പെയിന്റിം​ഗ് തൊഴിലാളിയായ ചന്ദ്രബാബു. കുട്ടിയുടെ ചികിത്സയ്ക്ക് മാധ്യമങ്ങളിലൂടെ സഹായ അഭ്യർത്ഥന നടത്തിയിരുന്നു. അടൂർ ജനറൽ ആശുപത്രിയിൽ നിന്നാണ് ദേവു ചന്ദനയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ച് ദിവസം മുമ്പാണ് ദേവുവിന്‌ ഗുരുതര രോഗബാധ കണ്ടെത്തിയത്. വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്‌. മൂന്ന് ദിവസം കൊണ്ട് വളരെയധികം തുക ചികിത്സയ്ക്കായി വേണ്ടി വന്നിരുന്നു.