കോവിഡ്‌ കാലത്തെ KSEB സബ്‌സിഡി ബില്ല്‌ ഇന്നുമുതൽ, അറിയേണ്ടതെല്ലാം...

തിരുവനന്തപുരം : ഗാർഹിക ഉപയോക്താക്കൾക്ക്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യം അടങ്ങിയ വൈദ്യുതി ബിൽ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. അർഹമായ സബ്‌സിഡി തുക എത്രയെന്ന്‌ ബില്ലിൽ രേഖപ്പെടുത്തിയിരിക്കും. ‘കേരള ഗവൺമെന്റ്‌ സബ്‌സിഡി’ എന്നായിരിക്കും ബില്ലിലുണ്ടാകുക.  മുമ്പുള്ള ബിൽ തീയതി, മുമ്പ്‌ അടച്ച തുക എന്നിവ ഉണ്ടാകും. രണ്ടുലക്ഷം ബില്ലുകളാണ്‌ ഒരുദിവസം തയ്യാറാക്കുന്നത്‌. ഇതിൽ ഭൂരിഭാഗവും സബ്‌സിഡിക്ക്‌ അർഹരായ ഗാർഹിക ഉപയോക്താക്കളുടേതാണ്‌. ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ നൽകിയ ലോക്‌ഡൗൺ കാലത്തെ ബില്ലുകൾക്കാണ്‌  ഇളവ്‌. ഇതിനകം ബില്ലടച്ചവർക്ക്‌ സബ്‌സിഡി പ്രകാരം പുതിയ ബിൽ ക്രമപ്പെടുത്തി നൽകും. അടക്കാത്തവരാണെങ്കിൽ തൊട്ടുമുമ്പുള്ള ബില്ലിൽ സബ്‌സിഡിതുക കുറച്ച്‌ പുതിയത്‌ നൽകും.

കോവിഡ്‌ കാലത്ത്‌ കെഎസ്‌ഇബിക്കുണ്ടായത്‌ 500 കോടിയുടെ അധിക ബാധ്യതയാണ്‌. ലോക്‌ ഡൗൺ കാരണം പ്രയാസം നേരിടുന്ന ഗാർഹിക ഉപയോക്താക്കളെ സഹായിക്കാൻ പ്രഖ്യാപിച്ച സബ്‌സിഡി ഇനത്തിൽ മാത്രം 200 കോടിയാണ്‌  ബാധ്യത. ഇതിന്‌ പുറമെ വ്യവസായ, വാണിജ്യ ഉപഭോഗത്തിലെ കുറവുമൂലം ഉണ്ടായ വരുമാന നഷ്ടം, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്ക് ഫിക്സഡ് ചാർജിൽ അനുവദിച്ച 25ശതമാനം ഇളവ്,  പലിശ ഇളവുകൾ എന്നിവകൂടി കണക്കിൽ എടുക്കുമ്പോൾ കോവിഡ്‌ കാലത്തെ അധികബാധ്യത 500 കോടിയിൽ എത്തും. എന്നാൽ 50 കോടിയുടെ സാമ്പത്തിക സഹായം മാത്രമാണ്‌ കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചത്‌. എൻടിപിസി, പവർഗ്രിഡ്‌ എന്നിവയ്‌ക്കുള്ള ഫിക്‌സഡ്‌ ചാർജിനത്തിൽ കെഎസ്‌ഇബി നൽകേണ്ട തുകയിൽ 20 ശതമാനം കുറവ്‌ വരുത്തിയ ഇനത്തിലാണിത്‌. എന്നാൽ മറ്റുകേന്ദ്രനിലയങ്ങളിലെ ഫിക്‌സഡ്‌ ചാർജ്‌ കുറയ്‌ക്കുകയോ സഹായ പദ്ധതികൾ ലഭ്യമാക്കുകയോ ചെയ്‌തിട്ടില്ല. സംസ്ഥാനത്തെ സവിശേഷ സാഹചര്യം പരിഗണിച്ച്‌ അർഹമായ സാമ്പത്തിക സഹായം നൽകാൻ  വൈദ്യുതി മന്ത്രി എം എം മണി കേന്ദ്ര ഊർജ മന്ത്രി ആർ കെ സിങ്ങിനോട്‌ അഭ്യർഥിച്ചിരുന്നു.