കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി; രണ്ടായി പിളര്‍ന്നു; പൈലറ്റ് ഉൾപ്പടെ മരണപ്പെട്ടുവെന്ന് സൂചന; വിമാനത്തില്‍ 180 യാത്രക്കാര്‍, കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

കരിപ്പൂർ : കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവെയിൽ നിന്നും തെന്നിമാറി നിരവധി യാത്രക്കാർക്ക് പരിക്ക്. 1344 ദുബായ് - കോഴിക്കോട് എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അപകടം. വിമാനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. 177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.  പൈലറ്റ്  ഉൾപ്പെടെ രണ്ടുപേർ മരിച്ചതായാണ് സൂചന. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. കനത്തമഴയെ തുടർന്നാണ് അപകടമെന്നാണ് സൂചന. 8:15 ഓടെയാണ് അപകടം നടന്നത്. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 

ഫയർ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മുൻഭാഗത്തുളളവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അവരെ കോഴിക്കോട്ടെ  ആശുപത്രിയിലേക്ക് കൊണ്ടുപോയി.