മെയ് മുതലുള്ള എല്‍പിജി സബ്‌സിഡി കേന്ദ്ര സർക്കാർ തടഞ്ഞു വച്ചു...

ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സബ്‌സിഡി കേന്ദ്രം തടഞ്ഞുവച്ചു. മെയ്‌ മുതലുള്ള സബ്‌സിഡി നൽകിയിട്ടില്ല. കഴിഞ്ഞ ബജറ്റിൽ സബ്‌സിഡിക്കായി നീക്കിവച്ച 37,256 കോടി രൂപയിൽ ഏറിയപങ്കും വകമാറ്റാനാണ്‌ മോഡി സർക്കാരിന്റെ നീക്കം.

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞതിനാൽ പാചകവാതകത്തിന്റെ വില കുറഞ്ഞെന്നും അതിനാൽ മെയ്‌, ജൂൺ മാസങ്ങളിൽ എൽപിജി സബ്‌സിഡി വിതരണം ചെയ്യില്ലെന്നുമുള്ള വിചിത്ര വാദമാണ്‌‌ പെട്രോളിയം മന്ത്രാലയം ഉന്നയിക്കുന്നത്‌‌. 

അസംസ്‌കൃത എണ്ണയുടെ വില ഒരു വർഷത്തിനുള്ളിൽ 40 ശതമാനം ഇടിഞ്ഞപ്പോൾ സിലിണ്ടർ വില 20 ശതമാനം വർധിപ്പിക്കുകയാണ്‌ ഉണ്ടായത്‌. സബ്‌‌സിഡി സിലിണ്ടറിന്റെ വില 2019 ജൂലൈ മാസത്തെ അപേക്ഷിച്ച്‌ 100 രൂപ കൂടുതലാണ്‌ ഇപ്പോൾ.

സബ്‌സിഡി സിലിണ്ടറിന്റെയും സബ്‌സിഡി രഹിത സിലിണ്ടറിന്റെയും വില തുല്യമായി. സിലിണ്ടർ വീട്ടിലെത്തിക്കുമ്പോൾ മുഴുവൻ തുകയും നൽകിയശേഷം സബ്‌സിഡ്‌ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നൽകുകയാണ്‌ പതിവ്‌‌.

14.2 കിലോഗ്രാം സബ്‌സിഡി സിലിണ്ടറിന്റെ വില മാസങ്ങളായി ചെറുസംഖ്യകൾവീതം കൂട്ടി. സബ്‌സിഡി രഹിത സിലിണ്ടറിന്റെ വില കുറയ്‌ക്കുകയും ചെയ്‌തു. വർഷം 12 സിലിണ്ടറിനാണ്‌ സബ്‌സിഡി‌.2013ൽ യുപിഎ സർക്കാരാണ്‌ ഈ സംവിധാനം ആവിഷ്‌കരിച്ചത്‌.

മോഡി പ്രധാനമന്ത്രിയായശേഷം സാമ്പത്തികശേഷിയുള്ളവർ സബ്‌സിഡി ആനുകൂല്യം സ്വമേധയാ ഉപേക്ഷിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തിരുന്നു. ഇപ്പോൾ സബ്‌സിഡി മരവിപ്പിക്കുകയുംചെയ്‌തു.