കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതൽ വായ്പകൾ തിരിച്ചടച്ച് തുടങ്ങണം. അതേസമയം, മോറട്ടോറിയം ഡിസംബർ വരെ ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
മൊറട്ടോറിയം നീട്ടി നൽകേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും ആർബിഐയും. രണ്ടു തവണകളായാണ് ആറ് മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്.
മാർച്ചിൽ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസർവ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു. ഈ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. ആനുകൂല്യം നീട്ടാനായി കേരളമടക്കം നൽകിയ കത്തുകളോട് കേന്ദ്രം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കാലാവധി നീട്ടി നല്‍കിയില്ലായെങ്കില്‍ ഇന്നുമുതല്‍ വായ്പകള്‍ തിരിച്ചടച്ച് തുടങ്ങണം. മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവർക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയുമാണ് അടയ്‌ക്കേണ്ടി വരിക.