നിങ്ങൾ ഇത് വായിക്കുന്നു, കാരണം നിങ്ങൾക്ക് അക്ഷര ജ്ഞാനമുണ്ട്... ഇന്ന് ലോക സാക്ഷരതാ ദിനം: സാക്ഷരതയിൽ അജയ്യമായി കേരളം, ഈ നേട്ടം നമുക്ക് മാത്രം സ്വന്തം. | World Literacy Day

ന്യൂഡൽഹി : രാജ്യത്ത്‌ സാക്ഷരതയിൽ കേരളം വീണ്ടും ഒന്നാമത്‌. ഏഴ്‌ വയസ്സിനു മുകളിലുള്ളവരിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്ക്‌ കേരളത്തില്‍. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഓഫീസിന്റെ (എൻഎസ്‌ഒ) റിപ്പോർട്ടുപ്രകാരം 96.2 ശതമാനമാണ്‌ സംസ്ഥാന സാക്ഷരതാനിരക്ക്‌. ഗ്രാമങ്ങളില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏകസംസ്ഥാനം കേരളമാണ്‌.

ഇന്ത്യയില്‍ സാക്ഷരതാനിരക്ക്‌ 77.7 ശതമാനം. രാജ്യത്തെ 84.7 ശതമാനം പുരുഷന്മാർക്കും 70.3 ശതമാനം സ്ത്രീകൾക്കും ഏതെങ്കിലും ഒരു ഭാഷ എഴുതാനും വായിക്കാനും അറിയാം.  സാക്ഷരതയിലെ സ്‌ത്രീ–-പുരുഷ അന്തരം 14.4 ശതമാനമാണ്‌. ഇത്‌ ഏറ്റവും കുറവ്‌ കേരളത്തിലാണ്‌ (2.2ശതമാനം). കേരളത്തിൽ 97.4 ശതമാനം പുരുഷന്മാരും 95.2 ശതമാനം സ്ത്രീകളും സാക്ഷരരാണ്. അന്തരം ഏറ്റവും കൂടുതല്‍ രാജസ്ഥാനില്‍ (23.2 ശതമാനം).

 

സാക്ഷരതാനിരക്കില്‍ ഡൽഹിയും(88.7) ഉത്തരാഖണ്ഡുമാണ്‌(87.6) കേരളത്തിനു പിന്നില്‍. ആന്ധ്രപ്രദേശാണ്‌ (66.4 ശതമാനം)ഏറ്റവും പിന്നിൽ. അവസാന അഞ്ച്‌ സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്‌(73), തെലങ്കാന(72.8), ബിഹാർ(70.9), രാജസ്ഥാൻ(69.7) എന്നിവയുമുണ്ട്.

ദേശീയ സാമ്പിൾ സർവേയുടെ 2017 ജൂലൈ മുതൽ 2018 ജൂൺവരെയുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ്‌ ‘ഗാർഹിക സാമൂഹിക ഉപഭോഗം: ഇന്ത്യയിലെ വിദ്യാഭ്യാസം’ എന്ന റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.